അടുക്കളത്തോട്ടത്തിലെ കീടശല്യം തടയാൻ സഹായിക്കുന്ന ലളിതമായ ജൈവ കെണികളെ പരിചയപ്പെടാം. പാവൽ, വെണ്ട തുടങ്ങിയ വിളകളെ കായീച്ച, വെള്ളീച്ച എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യാം?

ആരോഗ്യകരമായ ഭക്ഷണശീലത്തിന് വിഷരഹിത പച്ചക്കറികൾ അനിവാര്യമാണ്. എന്നാൽ, അടുക്കളത്തോട്ടത്തിലെ കീടശല്യം പലപ്പോഴും വലിയ വെല്ലുവിളിയാണ്. രാസകീടനാശിനികൾ തളിച്ച് നമ്മുടെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കുന്നതിന് പകരം, പ്രകൃതിദത്തമായ മാർ​ഗങ്ങളിലൂടെ കീടങ്ങളെ നിയന്ത്രിക്കാം. പയർ, പാവൽ, വെണ്ട തുടങ്ങിയ വിളകളെ കീടങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ലളിതമായും ചെലവ് കുറഞ്ഞ രീതിയിലും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ജൈവ കെണികളെ പരിചയപ്പെടാം.

കായീച്ചകളെ തുരത്താൻ പഴക്കെണിയും തുളസിക്കെണിയും

പാവൽ, പടവലം, വെള്ളരി തുടങ്ങിയ വിളകളിലെ പ്രധാന വില്ലനാണ് കായീച്ചകൾ. ഇവ കായകളിൽ മുട്ടയിട്ട് അവയെ നശിപ്പിക്കുന്നു.

പഴക്കെണി: നന്നായി പഴുത്ത പാളയങ്കോടൻ പഴം ഉടച്ച് അതിൽ അല്പം ശർക്കരയും വേപ്പെണ്ണയും ചേർത്ത് ചിരട്ടയിലോ പ്ലാസ്റ്റിക് കുപ്പിയിലോ ആക്കി തോട്ടത്തിൽ കെട്ടിത്തൂക്കാം. ഇതിന്റെ മണം കായീച്ചകളെ ആകർഷിക്കും.

തുളസിക്കെണി: ഒരു പിടി തുളസിയില ചതച്ച് ചെറിയ തുണിയിൽ കെട്ടി പാത്രത്തിലെ വെള്ളത്തിൽ മുക്കി വെക്കുക. ഇതിൽ ലയിക്കുന്ന തുളസിനീരിന്റെ മണം കായീച്ചകളെ കെണിയിലേക്ക് എത്തിക്കും.

വെളുത്തീച്ചകളെ പിടിക്കാൻ മഞ്ഞക്കെണി

തക്കാളി, വെണ്ട, മുളക് എന്നിവയിലെ ഇലപ്പേനുകളെയും വെളുത്തീച്ചകളെയും നിയന്ത്രിക്കാൻ മഞ്ഞക്കെണി മികച്ചതാണ്.

മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റിലോ ടിന്നിലോ ആവണക്കെണ്ണയോ ഗ്രീസോ പുരട്ടി ചെടികൾക്ക് ഇടയിൽ സ്ഥാപിക്കുക. മഞ്ഞനിറം കണ്ട് ആകർഷിക്കപ്പെടുന്ന കീടങ്ങൾ ഇതിൽ വന്ന് ഒട്ടിപ്പിടിക്കും.

പുഴുക്കളെ തടയാൻ വിളക്കുകെണി

രാത്രികാലങ്ങളിൽ എത്തുന്ന വണ്ടുകളെയും ശലഭങ്ങളെയും നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

തോട്ടത്തിൽ ഒരു ബൾബ് കത്തിച്ചു വെക്കുക. അതിനു താഴെ ഒരു പാത്രത്തിൽ സോപ്പ് ലായനിയോ മണ്ണെണ്ണയോ കലർത്തിയ വെള്ളം വെക്കുക. വെളിച്ചത്തിൽ ആകൃഷ്ടരായി എത്തുന്ന കീടങ്ങൾ വെള്ളത്തിൽ വീണ് നശിക്കും.

ഇവയ്ക്ക് പുറമേ പയറിനെ ആക്രമിക്കുന്ന ചീരപ്പേൻ, തണ്ട് തുരപ്പൻ കീടങ്ങളെ നശിപ്പിക്കാൻ കഞ്ഞിവള്ളമോ വേപ്പിൻ കുരുസത്തോ തളിക്കാം. പാവൽ, പടവലം എന്നിവയെ ആക്രമിക്കുന്ന കായീച്ചകളെ പ്രതിരോധിക്കാൻ ഫെറമോൺ കെണി പ്രയോ​ഗിക്കുകയോ കായകൾ കടലാസ് കൊണ്ട് പൊതിയുകയോ ചെയ്യാം. വെണ്ടയിലെ ഇലചുരുട്ടി പുഴുവിനെ തുരത്താൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം പ്രയോ​ഗിക്കാം. തക്കാളി വാട്ടത്തെയും വെള്ളീച്ചകളെയും പ്രതിരോധിക്കാൻ സ്യൂഡോമോണാസ് ലായനി ചുവട്ടിൽ ഒഴിക്കാവുന്നതാണ്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കീടബാധ കഠിനമാകുന്നതിന് മുൻപ് തന്നെ കെണികൾ സ്ഥാപിക്കണം.
  • കെണികളിൽ വീണ കീടങ്ങളെ കൃത്യസമയത്ത് നീക്കം ചെയ്യുകയും ലായനികൾ മാറ്റി നൽകുകയും വേണം.
  • വേപ്പെണ്ണ മിശ്രിതം പ്രയോഗിക്കുമ്പോൾ വൈകുന്നേരങ്ങളിൽ മാത്രം തളിക്കാൻ ശ്രദ്ധിക്കുക.