രണ്ടടി എട്ടിഞ്ച് മാത്രം ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പോത്തായി രാധ. ജനിച്ചത് മാൽവാഡിയിലെ കർഷകനും കന്നുകാലി പരിപാലകനുമായ ത്രിംബകിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ.
ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പോത്തായി രണ്ടടി എട്ടിഞ്ച് മാത്രം ഉയരമുള്ള രാധ. ത്രിംബക് ബോറേറ്റ് എന്നയാളുടെ ഫാമിലാണ് ഈ മൂന്ന് വയസ്സുള്ള സുന്ദരിയായ പോത്ത് ജനിച്ചത്. വെറും 2 അടി 8 ഇഞ്ച് (83.8 സെ.മീ) ഉയരമേ രാധയ്ക്കുള്ളൂ. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ ജ്യോതി ആംഗെ എന്ന സ്ത്രീയേക്കാൾ ഏതാനും ഇഞ്ച് മാത്രമാണ് രാധയുടെ ഉയരം. രാധയെ കാണുന്നത് എപ്പോഴും ആളുകൾക്ക് ഇഷ്ടമുള്ള കാര്യമാണ്. ഈ കുഞ്ഞൻ പോത്തിനെ കാണാനായി നിരവധിപ്പേരെത്താറുണ്ട്. മാത്രമല്ല, മിക്ക 'ആനിമൽ ആൻഡ് ബേർഡ്സ് എക്സിബിഷനു'കളിലും പ്രധാന ആകർഷണകേന്ദ്രമാണ് രാധ.
മാൽവാഡിയിലെ കർഷകനും കന്നുകാലി പരിപാലകനുമായ ത്രിംബകിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ 2022 ജൂൺ 19 -നാണ് രാധ ജനിച്ചത്. രാധയ്ക്ക് ഏകദേശം രണ്ടര വയസ്സ് പ്രായമുള്ളപ്പോഴാണ്, ത്രിംബക് അവളുടെ ഉയരത്തിലെ മാറ്റം ശ്രദ്ധിക്കുന്നത്. ഇതിനെത്തുടർന്ന്, ത്രിംബകിന്റെ മകൻ, അഗ്രികൾച്ചറിൽ ബിരുദധാരി കൂടിയായ അനികേത് കാർഷിക പ്രദർശനങ്ങളിൽ രാധയെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. എന്നിരുന്നാലും, ആദ്യമൊന്നും അവളെ ആരും അങ്ങനെ ശ്രദ്ധിച്ചില്ല.
2024 ഡിസംബർ 21-ന് സോളാപൂരിൽ നടന്ന സിദ്ധേശ്വർ കാർഷിക പ്രദർശനത്തിലാണ് രാധ ആദ്യമായി പങ്കെടുത്തത്, അതിനുശേഷം അവൾ വ്യാപകമായി പ്രശസ്തി നേടുകയായിരുന്നു. തുടർന്ന്, പുസേഗാവിലെ സേവഗിരി കാർഷിക പ്രദർശനവും കർണാടകയിലെ നിപാനിയിലെ കാർഷിക പ്രദർശനവും ഉൾപ്പെടെ മൊത്തം 13 കാർഷിക പ്രദർശനങ്ങളിലേക്ക് രാധയെ ക്ഷണിക്കുകയും ഇതിന്റെയെല്ലാം മുഖ്യ ആകർഷണമായി അവൾ മാറുകയും ചെയ്തു.
'ഞങ്ങളുടെ വീട്ടിലെ ലക്ഷ്മി ദേവിയാണ് ഞങ്ങളുടെ രാധ. എല്ലാ കാർഷിക പ്രദർശനങ്ങളിലും എല്ലാവരുടെയും ശ്രദ്ധ അവൾ ആകർഷിക്കുന്നു, സാധാരണ കർഷകരുടെയും നിരവധി വിശിഷ്ട വ്യക്തികളുടെയും വിദഗ്ധരുടെയും ഒക്കെ ഇഷ്ടം പിടിച്ചുപറ്റുന്നു' എന്നാണ് അനികേത് ബോറേറ്റ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്.
