സ്റ്റുഡന്റ്സ് കോർണർ എന്ന ഈ വേദിയിൽ ജനുവരി 7 മുതൽ 13 വരെയുള്ള (11-ാം തീയതി ഞായറാഴ്ച ഒഴികെ) എല്ലാ ദിവസങ്ങളിലും പ്രമുഖരായ വ്യക്തികൾ കുട്ടികളുമായി സംവദിക്കും.

തിരുവനന്തപുരം: നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ് 2026) ജനുവരി 7 മുതൽ 13 വരെ നടക്കും. ജനുവരി 7-ന് രാവിലെ 11 മണിക്ക് ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

പുസ്തകങ്ങൾ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികൾ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികൾ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. സോഷ്യൽ മീഡിയ റീലുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും അതിപ്രസരത്തിൽ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാൻ കെ.എൽ.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങൾക്കാകുമെന്ന് കഴിഞ്ഞ വർഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ ആശയസംവാദങ്ങൾക്കും കലാപ്രകടനങ്ങൾക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്.

സ്റ്റുഡന്റ്സ് കോർണർ എന്ന ഈ വേദിയിൽ ജനുവരി 7 മുതൽ 13 വരെയുള്ള (11-ാം തീയതി ഞായറാഴ്ച ഒഴികെ) എല്ലാ ദിവസങ്ങളിലും പ്രമുഖരായ വ്യക്തികൾ കുട്ടികളുമായി സംവദിക്കും. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ, കെ.വി. മനോജ്കുമാർ, അർജുൻ പാണ്ഡ്യൻ, എം. ജി. രാജമാണിക്യം, ഡോ. കെ.വാസുകി തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥർ, നേവിയുടെ ലഫ്റ്റനന്റ് കമാൻഡേഴ്‌സ് ആയ ദിൽന. കെ, എ. രൂപിമ എന്നിവർ, കലാമണ്ഡലം ബിന്ദുമാരാർ, കല്ല്യാണി ഗോപകുമാർ, ശ്രീജ പ്രിയദർശൻ, മീനാക്ഷി, കെ.പി.ശശികുമാർ, അഖിൽ പി.ധർമ്മജൻ, മെന്റലിസ്റ്റ് അനന്തു, ബാബു അബ്രഹാം തുടങ്ങിയ സാഹിത്യ-സാമൂഹിക-കലാരംഗങ്ങളിലെ പ്രമുഖർ തുടങ്ങിയ വിവിധ മേഖലകളിലുള്ള ശ്രദ്ധേയ വ്യക്തിത്വങ്ങളുമായി സംവദിക്കാൻ സ്റ്റുഡന്റ്‌സ് കോർണർ വേദിയൊരുക്കുന്നു. 

ആശയസംവാദങ്ങൾക്കു പുറമേ കഥപറച്ചിലും ഫാഷൻ ഷോയും കുട്ടികളുടെ നാടകവും മറ്റു കലാപരിപാടികളും മാജിക് ഷോയും പപ്പറ്റ് ഷോയുമടക്കം നിരവധി പരിപാടികൾ കൊണ്ട് വർണ്ണാഭമായ ഏഴ് ദിനങ്ങളാണ് സ്റ്റുഡന്റ്‌സ് കോർണർ വേദിയിലൂടെ കേരള നിയമസഭ കുട്ടികൾക്കായി ഒരുക്കുന്നത്.