രണ്ടാം ഓവര്‍ എറിഞ്ഞ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ ഇഷാൻ കിഷന്‍ രണ്ടാം പന്തില്‍ ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ബൗണ്ടറി നേടിയതോടെ ഇന്ത്യൻ സ്കോര്‍ ബോര്‍ഡിന് അനക്കംവെച്ചു.
കൊളംബോ: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ആദ്യ ഓവറിലെ തിരിച്ചടി. പാക് ക്യാപ്റ്റൻ സല്‍മാന്‍ അലി ആഗ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ റണ്ണെടുക്കാതെ പുറത്തായി. നാലു പന്ത് നേരിട്ട അഭിഷേകിന് അക്കൗണ്ട് തുറക്കാനായില്ല. സല്‍മാന്‍ അലി ആഗയുടെ പന്ത് ഉയര്‍ത്തി അടിച്ച അഭിഷേക് മിഡ് ഓണില്‍ ഷാഹിന്‍ ഷാ അഫ്രീദിയുടെ കൈകളില്‍ ഒതുങ്ങി. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റണ്‍സെന്ന നിലയിലാണ്. 25 പന്തില്‍ 42 റണ്‍സുമായി ഇഷാന്‍ കിഷനും 7 പന്തില്‍ 10 റണ്‍സുമായി തിലക് വര്‍മയും ക്രീസില്‍.
രണ്ടാം ഓവര്‍ എറിഞ്ഞ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ ഇഷാൻ കിഷന്‍ രണ്ടാം പന്തില്‍ ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ബൗണ്ടറി നേടിയതോടെ ഇന്ത്യൻ സ്കോര്‍ ബോര്‍ഡിന് അനക്കംവെച്ചു. അവസാന പന്തില്‍ തിലക് വര്‍മയും ബൗണ്ടറി നേടിയതോടെ രണ്ടാം ഓവറില്‍ ഇന്ത്യ 15 റണ്‍സടിച്ചു. സല്‍മാന്‍ അലി ആഗ എറിഞ്ഞ മൂന്നാം ഓവറിലെ അദ്യ പന്ത് തന്നെ കിഷന്‍ ബൗണ്ടറി കടത്തി. ഓവറില്‍ 9 റണ്‍സടിച്ച ഇന്ത്യ 25 റണ്‍സിലെത്തി. സയ്യിം അയൂബ് എറിഞ്ഞ നാലാം ഓവറില്‍ 5 റണ്‍സെ ഇന്ത്യക്ക് നേടാനായുള്ളു. ഇഷാന്‍ കിഷന്‍ റണ്ണൗട്ടില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. അഞ്ചാം ഓവര്‍ എറിയാനെത്തിയ അബ്രാര്‍ അഹമ്മദിനെ സിക്സ് അടിച്ചാണ് ഇഷാന്‍ കിഷന്‍ വരവേറ്റത്. ഓവറില്‍ ഒരു ബൗണ്ടറി കൂടി നേടിയ കിഷന്‍ ഓവറില്‍ 11 റണ്‍സ് കൂടി നേടി ഇന്ത്യയെ 41 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ സയ്യിം അയൂബിനെതിരെ 11 റണ്‍സ് കൂടി നേടി ഇന്ത്യ 50 കടന്നു.
നേരത്തെ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നമീബിയക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. അസുഖം മൂലം കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന അഭിഷേക് ശര്‍മ ഓപ്പണറായി പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പുറത്തായി.പേസര്‍ അര്‍ഷ്ദീപ് സിംഗിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
അമേരിക്കക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ പാകിസ്ഥാൻ മാറ്റങ്ങളൊന്നും വരുത്തിയില്ല. ടോസ് സമയത്ത് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഗയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് ഹസ്തദാനം ചെയ്തില്ല. ഏഷ്യാ കപ്പിലും ഇന്ത്യ-പാക് നായകന്‍മാരും കളിക്കാരും തമ്മില്‍ പരസ്പരം ഹസ്തദാനം ചെയ്തിരുന്നില്ല.
