പോപ്പിന് പകരം യുവതാരം ബെഥേലിനെ ഇംഗ്ലണ്ട് ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.
മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. മധ്യനിര ബാറ്റര്‍ ഒല്ലി പോപ്പിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്കുമൂലം പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി. ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളിലെ ആറ് ഇന്നിംഗ്സുകളില്‍ നിന്നായി 125 റണ്‍സ് മാത്രമാണ് പോപ്പിന് നേടാനായത്.
പോപ്പിന് പകരം യുവതാരം ബെഥേലിനെ ഇംഗ്ലണ്ട് ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതുവരെ ഒരു സെഞ്ചുറിപോലും നേടാത്ത ബേഥല്‍ കഴിഞ്ഞ സീസിണില്‍ ആകെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ മാത്രമാണ് കളിച്ചത്. മോശം ഫോമിലാണെങ്കിലും ഓപ്പണര്‍ ബെന്‍ ഡക്കറ്റ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ട് താരങ്ങൾക്കെതിരായ മദ്യപാന ആരോപണത്തില്‍ ഡക്കറ്റിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം ഗുസ് അറ്റ്കിന്‍സണാണ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയത്.
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും തോറ്റ ഇംഗ്ലണ്ട് ആഷസ് കിരീടം കൈവിട്ടിരുന്നു. നായകൻ പാറ്റ് കമിന്‍സും സ്പിന്നര്‍ നഥാന്‍ ലിയോണും ഇല്ലാതെയാണ് ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റിനിറങ്ങുന്നത്. കമിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്താണ് 26ന് തുടങ്ങുന്ന നാലാം ടെസ്റ്റില്‍ ഓസീസിനെ നയിക്കുക.
ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ജേക്കബ് ബെഥേൽ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, വിൽ ജാക്സ്, ഗസ് അറ്റ്കിൻസൺ, ബ്രൈഡൺ കാർസെ, ജോഷ് ടങ്.


