അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യ പാകിസ്ഥാനോട് 191 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു.

മുംബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനോട് കൂറ്റന് തോല്‍വി വഴങ്ങിയതിന് പിന്നാലെ അസാധാരണ നടപടിയുമായി ബിസിസിഐ. തോൽവിയെക്കുറിച്ച് പരിശീലകനോടും ക്യാപ്റ്റനോടും ബിസിസിഐ ഭാരവാഹികൾ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനെതിരായ ഫൈനലിൽ ചില ഇന്ത്യൻ താരങ്ങളുടെ അതിരുകടന്ന പെരുമാറ്റങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചയായേക്കും. അടുത്തവർഷം ജനുവരിയിലാണ് അണ്ടർ 19 ലോകകപ്പ് മത്സരങ്ങൾ. അതിന് മുന്പ് ടീമിന്‍റെ പ്രശ്നങ്ങൾ പരിഹരിക്കലാണ് ബിസിസിഐ ലക്ഷ്യം.

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യ പാകിസ്ഥാനോട് 191 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 113 പന്തില്‍ 172 റണ്‍സെടുത്ത ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്‍റെ വെടിക്കെട്ട് സെഞ്ചുറി കരുത്തിലായിരുന്നു പാകിസ്ഥാന്‍ കൂറ്റന്‍ സ്കോര്‍ കുറിച്ചത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യ തുടക്കത്തിലെ തകര്‍ന്നടിഞ്ഞിരുന്നു. മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറിയെന്ന് പാക് കോച്ച് സര്‍ഫറാസ് അഹമ്മദ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. വിക്കറ്റ് നഷ്ടമായശേഷ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിയും പാക് താരങ്ങളോട് ദേഷ്യത്തോടെ സംസാരിക്കുന്നതും ആരാധകര്‍ കണ്ടിരുന്നു. അടുത്ത വര്‍ഷം ജനുവരി 15 മുതല്‍ ഫെബ്രുവരി ആറ് വരെയാണ് അണ്ടര്‍ 19 ഏകദിന ലോകകപ്പ്. സിംബാബ്‌വെയും നമീബിയയുമാണ് ലോകകപ്പിന് വേദിയാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക