ഫെബ്രുവരി 6-ന് ഹരാരെയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. 15 ഫോറുകളും 15 സിക്സറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ ഇന്നിംഗ്സ്.

ലണ്ടൻ: ഇന്ത്യൻ അണ്ടര്‍ 19 ടീമിന്‍റെയും ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന്‍റെയും ഓപ്പണറായ കൗമാരതാരം വൈഭവ് സൂര്യവന്‍ഷിയെ പുകഴ്ത്തി ഇംഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്‌ലർ. വെറും 14 വയസ്സുകാരനായ വൈഭവ് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച യുവതാരമാണെന്നാണ് ബട്‌ലർ പറഞ്ഞു. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ വൈഭവിന്‍റെ പ്രകടനം ശരിക്കും അമ്പരപ്പിച്ചുവെന്നും 'ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്' എന്ന പോഡ്‌കാസ്റ്റിൽ ബട്‌ലര്‍ പറഞ്ഞു.

ഫെബ്രുവരി 6-ന് ഹരാരെയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. 15 ഫോറുകളും 15 സിക്സറുകളും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ ഇന്നിംഗ്സ്. ഞാൻ ആ മത്സരം ടിവിയിൽ കാണുകയായിരുന്നു. അവൻ കളിച്ച ഓരോ ഷോട്ടും അവിശ്വസനീയമായിരുന്നു. 14-ാം വയസ്സിൽ ഇങ്ങനെ ആരെങ്കിലും കളിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ല. അവൻ ഇപ്പോൾ ഇതാണെങ്കിൽ 16-ലോ 20-ലോ എത്തുമ്പോള്‍ എന്തായിരിക്കും അവസ്ഥ. സച്ചിൻ ടെൻ‍ഡുൽക്കർ 16-ാം വയസ്സിലാണ് അരങ്ങേറിയത്. അന്ന് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ഇത്രത്തോളം ഇല്ലായിരുന്നു. എന്നാൽ വൈഭവ് ഇപ്പോൾ തന്നെ എല്ലാവരുടെയും കണ്ണിലുണ്ടെന്നും ബട്‌ലര്‍ പറഞ്ഞു.

അണ്ടർ-19 ലോകകപ്പിൽ മാത്രമല്ല, ഐപിഎല്ലിലും വൈഭവ് തന്‍റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. 2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി അരങ്ങേറിയ വൈഭവ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡ് ഇട്ടിരുന്നു. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയായിരുന്നു ഇത്. അശ്വിൻ, ജഡേജ തുടങ്ങിയ സീനിയർ സ്പിന്നർമാരെപ്പോലും പക്വതയുള്ള ഒരു പ്രൊഫഷണലിനെപ്പോലെ വൈഭവ് നേരിട്ട രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും ബട്‌ലർ കൂട്ടിച്ചേർത്തു.

അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ ആറാം തവണയും കിരീടം ചൂടിയപ്പോൾ ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് വൈഭവ് ആയിരുന്നു. ഏഴ് ഇന്നിംഗ്സുകളിൽ നിന്നായി 439 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഇതിൽ ഫൈനലിലെ 175 റൺസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്. മാർച്ച് 26-ന് ആരംഭിക്കുന്ന അടുത്ത ഐപിഎല്ലില്‍ വൈഭവിന്‍റെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക