എന്‍ഗിഡിയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് പോകാനായി വൈകുന്നേരങ്ങളിലെ ഗതാഗതക്കുരുക്കിനിടയിലും ഡൽഹി പോലീസ് മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.

ദില്ലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ തലയിടിച്ച് വീണ ഡൽഹി പേസർ ലുങ്കി എൻഗിഡിയെ ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലെത്തിക്കാനായി തിരക്കേറിയ ഡല്‍ഹി നഗരത്തില്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കി ദില്ലി പൊലീസ്. പഞ്ചാബ് ഇന്നിംഗ്ഗിലെ മൂന്നാം ഓവറിൽ പ്രിയാൻഷ് ആര്യയുടെ ക്യാച്ചിനായി പുറകോട്ട് ഓടിയ എൻഗിഡി നിയന്ത്രണം നഷ്ടപ്പെട്ട് തലയിടിച്ച് വീഴുകയായിരുന്നു. എന്‍ഗിഡിയെ ഉടൻ തന്നെ സ്ട്രെച്ചറിൽ ആംബുലൻസിലേക്ക് മാറ്റി.

എന്‍ഗിഡിയെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് പോകാനായി വൈകുന്നേരങ്ങളിലെ ഗതാഗതക്കുരുക്കിനിടയിലും ഡൽഹി പോലീസ് മാതൃകാപരമായ ഇടപെടലാണ് നടത്തിയത്. സ്റ്റേഡിയത്തിൽ നിന്ന് ബി.എൽ.കെ-മാക്സ് ആശുപത്രിയിലേക്ക് ആംബുലൻസിന് തടസമില്ലാതെ കടന്നുപോകാനായാണ് പോലീസ് 'ഗ്രീൻ കോറിഡോർ' ഒരുക്കിയത്. തിരക്കുള്ള റോഡുകളിൽ ട്രാഫിക് നിയന്ത്രിച്ചതോടെ വെറും 11 മിനിറ്റിനുള്ളിൽ എന്‍ഗിഡിയെ ആശുപത്രിയിലെത്തിക്കാനായി.

എൻഗിഡിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഐപിഎൽ അധികൃതർ അറിയിച്ചു. പരിശോധനകൾക്ക് ശേഷം താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. തലയിടിച്ച് വീണ എൻഗിഡിക്ക് ശക്തമായ തലവേദനയും കഴുത്തിന് വേദനയും അനുഭവപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം മുൻകരുതൽ എന്ന നിലയിലാണ് എന്‍ഗിഡിയെ വിദഗ്ദ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ എന്‍ഗിഡിയുടെ ആരോഗ്യനില തൃപ്തികരമാണ്.ഹെഡ് ഇഞ്ചുറി (തലയ്ക്കുള്ള പരിക്ക്) പ്രോട്ടോക്കോൾ പാലിച്ചാണ് താരത്തെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതെന്നും ആശങ്കപ്പെടാനില്ലെന്നും ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി.

Scroll to load tweet…

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് നടന്ന ആവേശകരമായ മത്സരത്തിൽ,ഡല്‍ഹി ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നിർത്തി പഞ്ചാബ് മറികടന്നിരുന്നു. മത്സരത്തില്‍ എന്‍ഗിഡി പന്തെറിയാതിരുന്നത് ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക