ഹാർദിക് പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ഷഹീൻ അഫ്രീദി ഉയർത്തിയടിച്ച പന്ത് ലോങ് ഓണിൽ നിന്നിരുന്ന കുൽദീപ് കൈവിട്ട് സിക്സ് വഴങ്ങിയത്.
കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ 61 റൺസിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ സൂപ്പർ-8ൽ എത്തിയെങ്കിലും, മത്സരശേഷം സഹതാരം കുല്‍ദീപ് യാദവിനോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യൻ ഓള് റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും. പാക് ഇന്നിംഗ്സിന്റെ അവസാന ഓവറുകളിൽ ഷഹീന് ഷാ അഫ്രീദി നല്കിയ അനായാസ ക്യാച്ച് കൈവിട്ട കുല്‍ദീപ് സിക്സ് വഴങ്ങിയിരുന്നു. ഇതാണ് ഹാര്‍ദ്ദിക്കിനെയും പാണ്ഡ്യയെയും ചൊടിപ്പിച്ചത്.
ഹാർദിക് പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറിലെ രണ്ടാമത്തെ പന്തിലായിരുന്നു ഷഹീൻ അഫ്രീദി ഉയർത്തിയടിച്ച പന്ത് ലോങ് ഓണിൽ നിന്നിരുന്ന കുൽദീപ് കൈവിട്ട് സിക്സ് വഴങ്ങിയത്. മത്സരഫലത്തെ ബാധിക്കില്ലെങ്കിലും ഈ പിഴവ് ഹാർദിക്കിനെ ചൊടിപ്പിച്ചു. അപ്പോൾ തന്നെ പാണ്ഡ്യ ഹിന്ദിയിൽ ചില ദേഷ്യത്തോടെ പ്രതികരിക്കുന്നത് സ്റ്റംപ് മൈക്കില്‍ കേൾക്കാമായിരുന്നു. എന്നാൽ കളി ജയിച്ച ശേഷം ഹാൻഡ് ഷേക്ക് നടത്തുന്ന സമയത്തും ഹാർദിക് തന്റെ ദേഷ്യം അടക്കിയില്ല.
ഹാർദിക് രൂക്ഷമായി സംസാരിക്കുന്നത് കണ്ട് റിങ്കു സിംഗും തിലക് വർമ്മയും ഇടപെടാൻ ശ്രമിച്ചെങ്കിലും പാണ്ഡ്യ വഴങ്ങിയില്ല. തൊട്ടുപിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കുൽദീപിന് അരികിലെത്തി ഗൗരവത്തിൽ കാര്യങ്ങൾ വിശദീകരിക്കുന്നത് വീഡിയോയിൽ കാണാം. പൊതുവെ സഹതാരങ്ങളോട് ശാന്തനായി കാണപ്പെടുന്ന സൂര്യകുമാറിന്റെ ഈ പെരുമാറ്റം ആരാധകരെയും അമ്പരപ്പിച്ചു.
സൂപ്പർ-8 പോലെയുള്ള നിർണ്ണായക മത്സരങ്ങളിൽ ചെറിയ പിഴവുകൾ പോലും വലിയ വില നൽകേണ്ടി വരുമെന്നതിനാലാകാം മുതിർന്ന താരങ്ങൾ ഇത്തരത്തിൽ പ്രതികരിച്ചത് എന്നാണ് ഒരു വിഭാഗം ആരാധകര്‍ കരുതുന്നത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന കുല്‍ദീപ് ആദ്യമായാണ് പ്ലേയിംഗ് ഇലവനില്‍ ഇറങ്ങിയത്. മൂന്നോവര്‍ പന്തെറിഞ്ഞ കുല്‍ദീപ് 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.
