പരിക്കേറ്റ് വിശ്രമത്തിലുള്ള പേസര്‍ ജോഫ്ര ആര്‍ച്ചറെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മൊയീന്‍ അലി, ജോണി ബെയര്‍‌സ്റ്റോ തുടങ്ങിയ പ്രമുഖരെ ഒഴിവാക്കി. 

ലണ്ടന്‍: 2026 ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമില്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തി. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ജോഷ് ടംഗിനും ഇടം ലഭിച്ചു. ഇതോടൊപ്പം ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. അഡലെയ്ഡില്‍ നടന്ന മൂന്നാം ആഷസ് ടെസ്റ്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് മെഡിക്കല്‍ ടീമിനൊപ്പം വിശ്രമത്തിലാണിപ്പോള്‍ ആര്‍ച്ചര്‍. ശ്രീലങ്കയ്‌ക്കെതിരേയും അദ്ദേഹം കളിക്കില്ല.

2024 ടീമിലെ എട്ട് താരങ്ങളെ ടീമില്‍ നിലനിര്‍ത്തി. അതില്‍ പുതിയ നായകന്‍ ബ്രൂക്കും മുന്‍ നായകന്‍ ജോസ് ബട്ലറും ഉള്‍പ്പെടുന്നു. ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, സാം കറന്‍, വില്‍ ജാക്സ്, ആദില്‍ റാഷിദ്, ആര്‍ച്ചര്‍ എന്നിവരാണ് മറ്റുള്ളവര്‍. മൊയീന്‍ അലി, ജോണി ബെയര്‍‌സ്റ്റോ, ടോം ഹാര്‍ട്ട്‌ലി, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, റീസ് ടോപ്ലി, മാര്‍ക്ക് വുഡ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പുതിയതായി ഉള്‍പ്പെടുത്തിയവരില്‍ റെഹാന്‍ അഹമ്മദ്, ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ലിയാം ഡോസണ്‍, ജാമി ഓവര്‍ട്ടണ്‍, ടംഗ്, ലൂക്ക് വുഡ് എന്നിവരും ഉള്‍പ്പെടുന്നു. ബ്രൈഡണ്‍ കാര്‍സെ ശ്രീലങ്കയ്‌ക്കെതിരെ കളിക്കുമെങ്കിലും ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല.

ഇംഗ്ലണ്ട് ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍* (ടി20 ലോകകപ്പ് മാത്രം), ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ജോസ് ബട്ലര്‍, ബ്രൈഡണ്‍ കാര്‍സെ* (ശ്രീലങ്കന്‍ പര്യടനം മാത്രം), സാം കറന്‍, ലിയാം ഡോസണ്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, ജോഷ് ടോങ്, ലൂക്ക് വുഡ്.

ക്രൗളി ഏകദിന ടീമില്‍ തിരിച്ചെത്തി

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സാക് ക്രൗളി തിരിച്ചെത്തി. 2023 ഡിസംബറിന് ശേഷം ആദ്യമായിട്ടാണ് ക്രൗളി ഏകദിന ടീമിലേക്കെത്തുന്നത്.

ഇംഗ്ലണ്ട് ഏകദിന ടീം: ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, ടോം ബാന്റണ്‍, ജേക്കബ് ബെഥേല്‍, ജോസ് ബട്ലര്‍, ബ്രൈഡണ്‍ കാര്‍സ്, സാക്ക് ക്രാളി, സാം കറന്‍, ലിയാം ഡോസണ്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്‌സ്, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റാഷിദ്, ജോ റൂട്ട്, ലൂക്ക് വുഡ്.

ഇംഗ്ലണ്ടിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഉള്‍പ്പെടും. ജനുവരി 22, 24, 27 തീയതികളില്‍ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക. 30, ഫെബ്രുവരി 1, 3 തീയതികളിലാണ് ടി20 മത്സരങ്ങള്‍.

YouTube video player