ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് ഗില്ലിനെ ടി20 ടീമിലെ ഓപ്പണറും വൈസ് ക്യാപ്റ്റനുമാക്കിയത്.
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിനുശേഷം ഏറ്റവും വലിയ ചര്‍ച്ചയായത് വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കാനുള്ള തീരുമാനമായിരുന്നു. ഒരു വര്‍ഷമായി ടി20 ടീമിലില്ലാതിരുന്ന ഗില്ലിനെ ഏഷ്യാ കപ്പിലാണ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായി ടീമിലെടുത്തത്. പിന്നീട് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകളിലും ഗില്ലിന് അവസരം ലഭിച്ചെങ്കിലും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് ഗില്ലിനെ ടി20 ടീമിലെ ഓപ്പണറും വൈസ് ക്യാപ്റ്റനുമാക്കിയത്. എന്നാല്‍ ടെസ്റ്റിലെ പ്രകടനം കണ്ട് ഒരു താരത്തെ ടി20 ടീമിലെടുത്താല്‍ ഇതാണ് സംഭവിക്കുകയെന്ന് മഞ്ജരേക്കര്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ പ്രകടനം കണ്ട് ടീമിലെടുത്ത ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിലൂടെ സെലക്ടര്‍മാര്‍ തെറ്റ് തിരുത്തുകയാണ് ചെയ്തതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
അവസാനം കളിച്ച 20 ഇന്നിംഗ്സില്‍ ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ ഗില്ലിനായിട്ടില്ലെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി. കഴിഞ്ഞ 20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറി പോലുമില്ല. സാധാരണഗതിയില്‍ ഈ കണക്കുകൾ ഒരു ബാറ്ററുടെ മോശം ഫോയാണ് വിലയിരുത്തുക. ടി20 ക്രിക്കറ്റില്‍ എല്ലായ്പ്പോഴും പ്രധാനം ബാറ്ററുടെ പ്രഹരശേഷി തന്നെയാണ്. അത് എല്ലായ്പ്പോഴും അങ്ങനെ തന്നെയായിരിക്കും. അര്‍ധസെഞ്ചുറിയോട് അടുക്കുമ്പോള്‍ ഒരു ബാറ്റര്‍ കരുതലോടെ കളിക്കുന്നത് ഒരു ടി20 മത്സരത്തില്‍ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല, അത് ഒരുപക്ഷെ മത്സരം തോല്ക്കാന് തന്നെ കാരണമായേക്കുമെന്നും മഞ്ജരേക്കര്‍ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
പ്രധാനമായും അഞ്ച് കാരണങ്ങൾ മുൻനിർത്തിയാണ് ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഗിൽ-അഭിഷേക് ഓപ്പണിങ് സഖ്യത്തെക്കാൾ വേഗത്തിൽ റൺസ് കണ്ടെത്തുന്നത് സഞ്ജു സാംസണ്-അഭിഷേക് സഖ്യമാണെന്ന് സെലക്ഷൻ കമ്മിറ്റി വിലയിരുത്തി. ആറ് വേദികളിലായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ കളി പുരോഗമിക്കുന്തോറും വേഗം കുറയുന്ന പിച്ചുകളില്‍ പവർപ്ലേ റൺസ് നിർണായകമാണെന്ന് കമ്മറ്റി വിലയിരുത്തി. അഭിഷേക് ശര്‍മ പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കുമ്പോൾ ഗില്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം നിശബ്ദനായിരുന്നു. എന്നാല്‍ അഭിഷേകിനെപ്പോലും പലപ്പോഴും നിഷ്പ്രഭനാക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ടെന്നതും പവര്‍ പ്ലേയില്‍ രണ്ട് വശത്തുനിന്നും റണ്‍സ് വരേണ്ടതിന്റെ അനിവാര്യതയും സെലക്ടര്‍മാര്‍ കണക്കിലെടുത്തു.


