ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യ പ്രതിസന്ധിയിലാണ്. ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോം ടീമിന് തലവേദനയാകുമ്പോള്‍, പകരക്കാരനായി സഞ്ജു സാംസണെ പരിഗണിക്കുന്നുണ്ട്. 

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിന് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ തുലാസിലായിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, പ്രോട്ടീസിന്റെ കൃത്യതയാര്‍ന്ന ബൗളിംഗിന് മുന്നില്‍ ഇന്ത്യയുടെ അഗ്രസീവ് ബാറ്റിംഗ് തന്ത്രങ്ങള്‍ പാടെ പരാജയപ്പെട്ടു. വ്യാഴാഴ്ച്ച സിംബാബ്‌വെക്കെതിരെ ടീമിന് ആശങ്കകള്‍ ഏറെയാണ്. മുന്‍നിര താരങ്ങളായ തിലക് വര്‍മ, അഭിഷേക് ശര്‍മ എന്നിവരുടെ മോശം ഫോമാണ് ഇന്ത്യയുടെ തലവേദന.

അഭിഷേക് ശര്‍മ്മയുടെ ഫോമില്ലായ്മ

ഇന്ത്യന്‍ ബാറ്റിംഗ് നിര നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ തുടര്‍ച്ചയായ പരാജയങ്ങളാണ്. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേകിന് ഈ ടൂര്‍ണമെന്റില്‍ ഇതുവരെ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് വെറും 15 റണ്‍സ് മാത്രമാണ് നേടാനായത്. അമേരിക്ക, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരെ പൂജ്യത്തിന് പുറത്തായി. നമീബിയക്കെതിരെ കളിച്ചില്ല. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 15 റണ്‍സിനും മടങ്ങുകയായിരുന്നു. 12 പന്തുകള്‍ അദ്ദേഹം നേരിട്ടു.

സഞ്ജു സാംസണ്‍ തിരിച്ചെത്തുമോ?

മോശം തുടക്കങ്ങള്‍ ഒഴിവാക്കാന്‍ സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. എന്നാല്‍, ഓപ്പണിംഗ് റോളില്‍ സഞ്ജുവിന്റെ സമീപകാല കണക്കുകള്‍ അത്ര മികച്ചതല്ല എന്നത് ആശങ്കയുണ്ടാക്കുന്നു. 2025 മുതല്‍ ഓപ്പണറായി കളിച്ച 12 ഇന്നിംഗ്‌സുകളില്‍ നിന്ന് 13 ശരാശരിയില്‍ 156 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. അഭിഷേകിനെ മാറ്റി സഞ്ജുവിനെ ഇറക്കുന്നത് ഒരു വലിയ ചൂതാട്ടമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

തിലക് വര്‍മ സമ്മര്‍ദ്ദത്തില്‍

മൂന്നാം നമ്പറില്‍ കളിക്കുന്ന തിലക് വര്‍മ്മയ്ക്കും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. 5 ഇന്നിംഗ്‌സുകളില്‍ നിന്ന് 107 റണ്‍സാണ് തിലകിന്റെ സമ്പാദ്യം. എന്നാല്‍ തിലകിന്റെ ഇന്നിംഗ്‌സുകള്‍ക്കൊന്നും വേഗമില്ലായിരുന്നു എന്ന വിമര്‍ശനം ഒരു ഭാഗത്തുണ്ട്. താരം തന്റെ സ്വാഭാവിക ശൈലി മറന്ന് അനാവശ്യ ആക്രമണത്തിന് മുതിരുന്നതിനെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചു. ''ഒരു വിക്കറ്റ് വീണ സമയത്ത് ഉത്തരവാദിത്തത്തോടെ കളിച്ച് ഒരു പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കാന്‍ തിലക് ശ്രമിക്കണമായിരുന്നു.'' എന്ന് ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഇടംകൈയ്യന്‍മാരുടെ അതിപ്രസരം

ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റര്‍മാരും ഇടംകൈയ്യന്‍മാരായത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. ഇത് മാറ്റാനായി ഒരു വലംകൈയ്യന്‍ ബാറ്ററെ ടോപ് ഓര്‍ഡറില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റും സൂചന നല്‍കി. ''കഴിഞ്ഞ 18 മാസമായി നന്നായി കളിക്കുന്നവര്‍ക്ക് ഇനിയും അവസരം നല്‍കണോ, അതോ വലംകൈയ്യന്‍ ബാറ്റര്‍ എന്ന നിലയില്‍ സഞ്ജുവിനെ ടീമിലെടുക്കണോ എന്നത് അടുത്ത ദിവസങ്ങളില്‍ പ്രധാന ചര്‍ച്ചയാകും.'' ഡോഷെറ്റ് പറഞ്ഞു.

YouTube video player