299 റണ്‍സില്‍ നില്‍ക്കെ ആന്ധ്രയുടെ ഷെയ്ഖ് റഷീദിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ ഗ്യാലറി എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് സുദീപ് വരവേറ്റത്.

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ആന്ധ്രാപ്രദേശിനെതിരെ ബംഗാൾ താരം സുദീപ് ഘരാമിക്ക് ട്രിപ്പിള്‍ സെഞ്ചുറി നഷ്ടം. വെറും ഒരു റണ്‍സ് അകലത്തിൽ ട്രിപ്പിൾ സെഞ്ചുറി നഷ്ടമായ സുദീപ് (299), ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ 299 റണ്‍സില്‍ പുറത്താവുന്ന മൂന്നാമത്തെ താരവും ആദ്യ ഇന്ത്യൻ താരവുമായി. ക്രിക്കറ്റ് ചരിത്രത്തിൽ സുദീപ് ഘരാമിക്ക് മുമ്പ് രണ്ട് താരങ്ങൾക്ക് മാത്രമാണ് 299 റൺസിൽ പുറത്താകേണ്ടി വന്നിട്ടുള്ളത്:

1990-91ൽ ശ്രീലങ്കക്കെതിരായ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് താരം മാർട്ടിൻ ക്രോയും 2006-ലെ കൗണ്ടി ക്രിക്കറ്റിൽ ഗ്ലാമോര്‍ഗന്‍ താരം മൈക്ക് പവലുമാണ് 299 റണ്‍സില്‍ പുറത്തായ മുന്‍ താരങ്ങള്‍. ഇന്ത്യൻ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് 295 റണ്‍സില്‍ നില്‍ക്കെ സിക്സ് അടിക്കാന്‍ നോക്കി പുറത്തായിട്ടുണ്ട്. ബംഗാൾ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മൂന്നാം നമ്പറിലിറങ്ങിയ സുദീപ് 596 പന്തുകൾ നേരിട്ടാണ് 299 റൺസെടുത്തത്. 31 ഫോറുകളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു സുദീപിന്‍റെ ഇന്നിംഗ്‌സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട ആറാമത്തെ ഇന്നിംഗ്സാണിത്.

Scroll to load tweet…

299 റണ്‍സില്‍ നില്‍ക്കെ ആന്ധ്രയുടെ ഷെയ്ഖ് റഷീദിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ ഗ്യാലറി എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് സുദീപ് വരവേറ്റത്. 8 വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെന്ന നിലയിലായിരുന്നു സുദീപ് പുറത്താവുമ്പോള്‍ ബംഗാള്‍. മുഹമ്മദ് ഷമിയായിരുന്നു ഈ സമയം സുദീപിനൊപ്പം ക്രീസില്‍. ആദ്യ ഇന്നിംഗ്‌സിൽ ആന്ധ്രയെ 295 റൺസിന് പുറത്താക്കിയ ബംഗാൾ ആദ്യ ഇന്നിംഗ്സില്‍ സുദീപിന്‍റെ ഡബിള്‍ സെഞ്ചുറി കരുത്തിൽ 629 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയര്‍ത്തി. മറുപടി ബാറ്റിംഗ് തുടങ്ങിയ ആന്ധ്ര നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 64-3 എന്ന നിലയില്‍ തകര്‍ച്ചയിലാണ്.

2022-23 രഞ്ജി സീസണിൽ ബംഗാളിനായി 800-ലധികം റൺസ് നേടിയ സുദീപ്, 2025-ലെ ബംഗാൾ പ്രോ ടി20 ലീഗിലെ രണ്ടാമത്തെ ഉയർന്ന റൺ വേട്ടക്കാരനുമായിരുന്നു