2007-ൽ കെനിയയ്ക്കെതിരെ ശ്രീലങ്ക നേടിയ 260 റൺസാണ് പട്ടികയിൽ ഒന്നാമത്. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ ടീമുകളുടെ തകർപ്പൻ പ്രകടനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ക്രിക്കറ്റിന്റെ ഏറ്റവും വേഗമേറിയ ഫോര്‍മാറ്റായ ടി20യില്‍ ഒരു ഇന്നിംഗ്‌സില്‍ 200 റണ്‍സ് കടക്കുന്നത് വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ടി20 ലോകകപ്പ് വേദിയില്‍ ചില ടീമുകള്‍ അതിനും മുകളിലേക്ക് കുതിച്ചുയര്‍ന്ന് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുതിയ ചരിത്രങ്ങള്‍ കുറിച്ചിട്ടുണ്ട്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 10 ടീം സ്‌കോറുകള്‍ നോക്കാം.

ശ്രീലങ്ക - കെനിയ (2007)

2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ കെനിയയ്ക്ക് എതിരെ ശ്രീലങ്ക നേടിയ 6ന് 260 റണ്‍സാണ് ടി20 ലോകകപ്പില്‍ ഒരു ടീം നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറായി ഇന്നും നിലനില്‍ക്കുന്നത്. സനത് ജയസൂര്യയുടെയും (44 പന്തില്‍ 88) മഹേല ജയവര്‍ധനയുടെയും (27 പന്തില്‍ 65) തകര്‍പ്പന്‍ പ്രകടനമാണ് ശ്രീലങ്കയ്ക്ക് കരുത്തായത്. മറുപടി ബാറ്റിംഗില്‍ കെനിയ 88 റണ്‍സിന് എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്ക് 172 റണ്‍സിന്റെ കൂറ്റന്‍ ജയം.

വെസ്റ്റ് ഇന്‍ഡീസ് - സിംബാബ്‌വെ (2026)

കഴിഞ്ഞ ദിവസം മുംബൈയിലെ വാഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ടി20 ലോകകപ്പിലെ രണ്ടാമത്തെ ഉയര്‍ന്ന ഉയര്‍ന്ന ടീം സ്‌കോര്‍ പിറന്നത്. സിംബാബ്വെയ്ക്ക് എതിരെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് അടിച്ചുകൂട്ടിയത്. 34 പന്തില്‍ 85 റണ്‍സ് നേടിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെയും 35 പന്തില്‍ 59 റണ്‍സ് നേടിയ റോവ്മാന്‍ പവലിന്റെയും പവര്‍ ഹിറ്റിംഗാണ് വെസ്റ്റ് ഇന്‍ഡീസിന് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ സിംബാബ്വെ 147 റണ്‍സിന് എല്ലാവരും പുറത്തായി.

അയര്‍ലന്‍ഡ് - ഒമാന്‍ (2026)

ഈ ലോകകപ്പില്‍ തന്നെയാണ് ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ടീം ടോട്ടലും പിറന്നത്. ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് അടിച്ചെടുത്തു. 51 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്ന ലോര്‍കാന്‍ ടക്കറിന്റെയും 30 പന്തില്‍ 56 റണ്‍സ് നേടിയ ഗരെത് ഡെലാനിയുടെയും 9 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ ജോര്‍ജ് ഡോക്‌റെല്ലിന്റെയും പ്രകടനമാണ് അയര്‍ലന്‍ഡിന് കരുത്തേകിയത്. മറുപടി ബാറ്റിംഗില്‍ ഒമാന്‍ 139 റണ്‍സിന് ഓള്‍ ഔട്ടായി.

ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് (2016)

2016ല്‍ നടന്ന ടി20 ലോകകപ്പില്‍ നടന്ന ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് മത്സരത്തിലാണ് നാലാമത്തെയും അഞ്ചാമത്തെയും ഉയര്‍ന്ന ടീം സ്‌കോര്‍ പിറന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി. ഹാഷിം അംല, ജെ പി ഡുമിനി, ക്വിന്റണ്‍ ഡീകോക്ക് എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. എന്നാല്‍, 2 പന്തുകള്‍ ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ റണ്‍മല താണ്ടി. 44 പന്തില്‍ 83 റണ്‍സ് നേടിയ ജോ റൂട്ടിന്റെയും 16 പന്തില്‍ 43 റണ്‍സ് നേടിയ ജേസണ്‍ റോയിയുടെയും പ്രകടനമാണ് നിര്‍ണായകമായത്.

ശ്രീലങ്ക - ഒമാന്‍ (2026)

ഈ ലോകകപ്പില്‍ നടന്ന ഒമാനെതിരെ ശ്രീലങ്ക പടുത്തുയര്‍ത്തിയ 5ന് 225 റണ്‍സാണ് ചരിത്രത്തിലെ 6-ാമത്തെ ഉയര്‍ന്ന ടീം ടോട്ടല്‍. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി കുശാല്‍ മെന്‍ഡിസ് (61), പവന്‍ രത്‌നായകെ (60), ദസുണ്‍ ഷനക (50) എന്നിവരുടെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ഒമാന്റെ പോരാട്ടം 9ന് 120 റണ്‍സില്‍ അവസാനിച്ചു. ശ്രീലങ്കയ്ക്ക് 105 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.

ഇന്ത്യ - ഇംഗ്ലണ്ട് (2007)

ടി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലില്‍ 7-ാം സ്ഥാനത്ത് ഇന്ത്യയാണ്. 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലായിരുന്നു ചരിത്രം പിറന്ന മത്സരം നടന്നത്. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിംഗ് ഒരോവറില്‍ ആറ് പന്തും സിക്‌സര്‍ പറത്തിയ മത്സരത്തില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഗൗതം ഗംഭീര്‍ (58), വീരേന്ദര്‍ സെവാഗ് (68), യുവരാജ് സിംഗ് (58) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 6ന് 200 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് 18 റണ്‍സിന്റെ വിജയം.

വെസ്റ്റ് ഇന്‍ഡീസ് - അഫ്ഗാനിസ്ഥാന്‍ (2024)

2024ല്‍ നടന്ന ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസ് നേടിയ 5ന് 218 റണ്‍സാണ് എട്ടാം സ്ഥാനത്ത്. നിക്കോളാസ് പുരാന്റെ തകര്‍പ്പന്‍ പ്രകടനമാണ് (53 പന്തില്‍ 98) വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ 16.2 ഓവറില്‍ 116 റണ്‍സ് എടുക്കുമ്പോഴേയ്ക്കും അഫ്ഗാനിസ്ഥാന്റെ എല്ലാവരും പുറത്തായി. വെസ്റ്റ് ഇന്‍ഡീസിന് 104 റണ്‍സിന്റെ ആവേശ ജയം.

ദക്ഷിണാഫ്രിക്ക - കാനഡ (2026)

ഈ ലോകകപ്പില്‍ കാനഡയ്ക്ക് എതിരെ ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയ 4ന് 213 റണ്‍സാണ് 9-ാം സ്ഥാനത്ത്. എയഡന്‍ മാര്‍ക്രം 32 പന്തില്‍ 59 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍ 39 റണ്‍സുമായും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 34 റണ്‍സുമായും പുറത്താകാതെ നിന്നു. 214 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേയ്ക്ക് കാനഡ മികച്ച രീതിയില്‍ പൊരുതി. 8ന് 156 റണ്‍സിലാണ് കാനഡയുടെ ഇന്നിംഗ്‌സ് അവസാനിച്ചത്. മത്സരത്തില്‍ 57 റണ്‍സിന് ദക്ഷിണാഫ്രിക്ക വിജയിച്ചു.

ദക്ഷിണാഫ്രിക്ക - സ്‌കോട്ട്‌ലന്‍ഡ് (2009)

2009ലെ ടി20 ലോകകപ്പില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക നേടിയ 5ന് 211 റണ്‍സാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എബി ഡിവില്യേഴ്‌സ് 34 പന്തില്‍ 79 റണ്‍സാണ് അടിച്ചുകൂട്ടിയത്. 31 പന്തില്‍ 48 റണ്‍സ് നേടിയ ജാക് കാലിസിന്റെ പ്രകടനവും നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ സ്‌കോട്ട്‌ലന്‍ഡ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 15.4 ഓവറില്‍ 81 റണ്‍സിന് സ്‌കോട്ട്‌ലന്‍ഡ് ഓള്‍ ഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് 130 റണ്‍സിന്റെ കൂറ്റന്‍ ജയം.

YouTube video player