അഭിഷേക് ശർമ്മയെയും ഇഷാൻ കിഷനെയും വീഴ്ത്താൻ തങ്ങൾക്ക് പ്രത്യേക പദ്ധതികളുണ്ടെന്ന പാക് പരിശീലകൻ മൈക്ക് ഹെസ്സന്‍റെ പ്രസ്താവനയെക്കുറിച്ചും കോട്ടക് പ്രതികരിച്ചു.

അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026-ൽ പാകിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ അഭിഷേക് ശർമ്മ നിരാശപ്പെടുത്തിയെങ്കിലും, താരത്തിന് പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കോട്ടക്. പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഗയുടെ ഓവറിൽ പൂജ്യത്തിന് പുറത്തായ അഭിഷേകിന്‍റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അഭിഷേക് ശർമ്മയെയും ഇഷാൻ കിഷനെയും വീഴ്ത്താൻ തങ്ങൾക്ക് പ്രത്യേക പദ്ധതികളുണ്ടെന്ന പാക് പരിശീലകൻ മൈക്ക് ഹെസ്സന്‍റെ പ്രസ്താവനയെക്കുറിച്ചും കോട്ടക് പ്രതികരിച്ചു. എതിരാളികൾ അഭിഷേകിനെതിരെ പ്രത്യേക പ്ലാനുകൾ തയ്യാറാക്കുന്നുണ്ടെങ്കിൽ അത് അവന്‍റെ മികവിനുള്ള അംഗീകാരമാണ്. അഭിഷേകിനെ വീഴ്ത്താൻ അവർ അത്രമാത്രം ആശങ്കപ്പെടുന്നു എന്നാണ് ഇതിനർത്ഥം. ടി20 ഒരു റിസ്ക് ഉള്ള കളിയാണ്. പാകിസ്ഥാനെതിരെയുള്ളത് വെറുമൊരു 'മിസ്‌റ്റൈംഡ്' ഷോട്ട് മാത്രമായിരുന്നു. അല്ലാതെ പ്ലാൻ ചെയ്ത് പുറത്താക്കിയതാണ് എന്ന് പറയാനാകില്ല.

അഭിഷേകിന്‍റെ നിലവിലെ മോശം ഫോമിനെക്കുറിച്ച് അമിതമായി ആകുലപ്പെടേണ്ടതില്ലെന്ന് പരിശീലകൻ ഓർമ്മിപ്പിച്ചു. അഭിഷേകിന് തന്‍റെ ബാറ്റിംഗ് ശൈലിയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. ടീം മാനേജ്‌മെന്റും താരത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ലോകകപ്പിന് മുൻപുള്ള മത്സരങ്ങളിൽ അഭിഷേക് മികച്ച ഫോമിലായിരുന്നു. ടി20യിൽ 10 പന്തിൽ 30 റൺസ് നേടുന്നത് പോലും വലിയ ഇംപാക്ട് ഉണ്ടാക്കുന്ന കാര്യമാണ്. ടൂർണമെന്‍റിനിടെ ഉണ്ടായ ഉദരരോഗവും ആശുപത്രിവാസവും അഭിഷേകിന്‍റെ താളം തെറ്റിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അഭിഷേക് പൂർണ്ണ കായികക്ഷമത വീണ്ടെടുത്തു കഴിഞ്ഞുവെന്നും സീന്‍ഷു കൊട്ടക് പറഞ്ഞു.

സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുന്നോടിയായി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്‌സിനെ നേരിടുമ്പോൾ അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ടീമിന്‍റെ പ്രതീക്ഷ. സമ്മർദ്ദമില്ലാതെ തന്‍റെ സ്വാഭാവിക ഗെയിം കളിക്കാനാണ് പരിശീലകൻ അഭിഷേകിനോട് നിർദ്ദേശിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക