സൂപ്പര്‍ 8ല്‍ 26ന് ചെന്നൈയില്‍ സിംബാബ്വെയെയും മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെയുമാണ് ഇന്ത്യ നേരിടേണ്ടത്.
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 8 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റന്‍ തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ തുലാസില്‍. ദക്ഷിണാഫ്രിക്കക്കെതിരെ 77 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇതോടെ സൂപ്പര്‍ 8ല്‍ സിംബാബ്വെക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ അടുത്ത രണ്ട് മത്സരങ്ങളും ഇന്ത്യക്ക് ജിവന്‍മണപ്പോരാട്ടങ്ങളായി. സിംബാബ്വെക്കെതിരെയും വിന്‍ഡീസിനെതിരെയും ജയിച്ചാലും ഇന്ത്യക്കിനി സെമി സ്ഥാനം ഉറപ്പിക്കാനാവില്ല. അടുത്ത രണ്ട് കളികളില്‍ വമ്പന്‍ ജയം നേടിയാല്‍ മാത്രമെ ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തി മുന്നേറാനാവു.
സൂപ്പര്‍ 8ല്‍ 26ന് ചെന്നൈയില്‍ സിംബാബ്വെയെയും മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെയുമാണ് ഇന്ത്യ നേരിടേണ്ടത്. ഇതില്‍ ഏതെങ്കിലും ഒരു മത്സരം തോറ്റാലും ഇന്ത്യയുടെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിക്കും. ഇനി രണ്ട് മത്സരം ജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനം അനുസരിച്ചാവും ഇന്ത്യയുടെ സെമി പ്രവേശനം.
ഗ്രൂപ്പിലെ നാലു ടീമുകള്‍ക്കും രണ്ട് ജയം വീതം നേടാനുള്ള സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാവും സെമിയിലെത്തുന്ന രണ്ട് ടീമുകളെ നിര്‍ണയിക്കുക. ഇവിടെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ നേരിട്ട 76 റണ്‍സിന്റെ കനത്ത തോല്‍വി ഇന്ത്യക്ക് തിരിച്ചടിയാകുക. ഇന്ന് നടക്കുന്ന സിംബാബ്വെ-വെസ്റ്റ് ഇന്‍ഡീസ് മത്സരഫലം ഇന്ത്യക്ക് നിര്‍ണായകമാണ്. അട്ടിമറി വീരന്മാരായ സിംബാബ്വെ ഓസ്ട്രേലിയയെയും ആതിഥേയരായ ശ്രീലങ്കയെയും അട്ടിമറിച്ചാണ് സൂപ്പര്‍ 8ല്‍ എത്തിയത് എന്നതിനാല്‍ ഇന്ത്യക്കിനി ദുര്‍ബലരായ എതിരാളികളെന്ന് പറയാന്‍ ആരുമില്ല. സിംബാബ്വെ സൂപ്പര്‍ 8ലും അട്ടിമറി തുടര്‍ന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമാവും.
ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ 8 പോരാട്ടത്തില്‍ 76 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക പവര്‍ പ്ലേയില്‍ 20-3ലേക്ക തകര്‍ന്നടിഞ്ഞിട്ടും ഡേവിഡ് മില്ലറുടെ അര്ധസെഞ്ചുറിയുടെയെും ഡെവാള്‍ഡ് ബ്രെവിസ്(29 പന്തില്‍ 45), ട്രിസ്റ്റൻ സ്റ്റബ്സ്(2 പന്തില്‍ 44) എന്നിവരുടെ ബാറ്റിംഗിന്റെയും കരുത്തില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തപ്പോൾ ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സിന് ഓള് ഔട്ടായി. ഗ്രൂപ്പ് ഘട്ടത്തില്‍ തകര്‍ത്തടിച്ച ഓപ്പണര്‍ ഇഷാന് കിഷന്റെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നഷ്ടമായത് ഇന്ത്യയുടെ അടി തെറ്റിച്ചു. പിന്നാലെ തിലക് വര്‍മയും അഭിഷേക് ശര്‍മയും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും, ഹാര്‍ദിക് പാണ്ഡ്യയും റിങ്കു സിംഗുമെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്.
