നിലവില്‍ ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തില്‍ മോശം ഫോമിന്റേ പേരില്‍ ഇത്രത്തോളം വിമർശിക്കപ്പെടുന്ന മറ്റൊരു താരം ഇല്ലെന്ന് തന്നെ പറയാം

മുംബൈ ഇന്ത്യൻസിനായി തന്റെ ബാറ്റുകൊണ്ട് എല്ലാം നല്‍കിയതാരാണ്. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ രോഹിത് ശർമ എന്ന ഇതിഹാസമായിരിക്കും മുന്നില്‍. പക്ഷേ മറ്റൊരാളുടെ അരങ്ങേറ്റത്തിന് ശേഷം അത് അയാള്‍ മാത്രമാണ്. സൂര്യകുമാർ യാദവ്. നിലവില്‍ ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തില്‍ മോശം ഫോമിന്റേ പേരില്‍ ഇത്രത്തോളം വിമർശിക്കപ്പെടുന്ന മറ്റൊരു താരം ഇല്ലെന്ന് തന്നെ പറയാം. എതിരാളികള്‍ ഒരുക്കുന്ന കെണിയില്‍ ചെന്ന് വീണുകൊടുക്കുന്ന സൂര്യകുമാർ യാദവ്.

പക്ഷേ, മുംബൈ ഇന്ത്യൻസിന് സംബന്ധിച്ച് കിരീടം ചൂടിയ വർഷങ്ങളിലും തിരിച്ചടികള്‍ നേരിട്ട സീസണുകളിലുമെല്ലാം സൂര്യകുമാർ യാദവിന്റെ സംഭാവനകള്‍ ചെറുതായിരുന്നില്ല. മുംബൈക്കായി ഒരു സീസണില്‍പ്പോലും സൂര്യയുടെ സ്കോർ 300ന് താഴെ എത്തിയിട്ടില്ല. വിഖ്യാതമായ ബ്ലു ആൻഡ് ഗോള്‍ഡില്‍ സൂര്യ തിരിച്ചെത്തുന്നത് 2018ലാണ്, സീസണിലെ ടോപ് സ്കോററായിരുന്നു സൂര്യ, 512 റണ്‍സ്. രണ്ടാമതെത്തിയ എവിൻ ലൂയിസിന്റെ സമ്പാദ്യം 400 പോലും കടന്നിട്ടില്ല.

കിരീടം ഉയർത്തിയ 2019ല്‍ 424 റണ്‍സ്, മുംബൈക്കായി റണ്‍വേട്ടയില്‍ രണ്ടാമത്. സീസണില്‍ ക്വിന്റണ്‍ ഡി കോക്കായിരുന്നു മുന്നില്‍ നിന്ന് നയിച്ചത്. ശേഷം 2020ല്‍ ഡി കോക്കിനും ഇഷാൻ കിഷനുമൊപ്പം തിളക്കമാര്‍ന്ന പ്രകടനം, 480 റണ്‍സ്. 2021, 2022, 2024 സീസണുകളില്‍ മാത്രമാണ് സൂര്യയുടെ സമ്പാദ്യം 350 റണ്‍സില്‍ താഴെയെത്തിയത്. 2021ല്‍ 317 റണ്‍സ്, 2022ല്‍ 303 റണ്‍സ് നേടിയത് കേവലം എട്ട് മത്സരങ്ങളില്‍ നിന്ന് മാത്രമാണ്, 2024ലും സീസണിലുടനീളം മുംബൈയുടെ ജഴ്‌സിയില്‍ സൂര്യക്ക് കളത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. 11 മത്സരങ്ങളില്‍ നിന്ന് 347 റണ്‍സ് അപ്പോഴും നേടി.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലില്‍ മുംബൈ പ്ലേ ഓഫിലെത്തിയ 2023. അന്ന് ടീമിന്റെ ടോപ് സ്കോറര്‍ വലം കയ്യൻ ബാറ്റർ തന്നെയായിരുന്നു. 16 കളികളില്‍ നിന്ന് 605 റണ്‍സ്. 183 സ്ട്രൈക്ക് റേറ്റിലായിരുന്നു പ്രകടനം. അഞ്ച് അര്‍ദ്ധ സെഞ്ചുറികളം ഒരു ശതകവും സീസണില്‍ സൂര്യ സ്വന്തം പേരില്‍ ചേർത്തു. അന്ന് മുംബൈയുടെ രണ്ടാം ടോപ് സ്കോററായ ഇഷാൻ കിഷന് 454 റണ്‍സാണ് നേടാനായത്, അന്തരം എത്രത്തോളമാണെന്ന് കൂടി കണക്കാക്കേണ്ടതുണ്ട്.

2025 ആയിരുന്നു സൂര്യയുടെ ഐപിഎല്‍ കരിയറിലെ പീക്ക് സീസണ്‍. ഒരു മത്സരത്തില്‍പ്പോലും രണ്ടക്കം കടക്കാതിരുന്നിട്ടില്ല. 16 മത്സരങ്ങളില്‍ നിന്ന് 717 റണ്‍സ്. അഞ്ച് അര്‍ദ്ധ സെഞ്ചുറി. മുംബൈക്കായി രണ്ടാമത്തെ ടോപ് സ്കോററായത് രോഹിതായിരുന്നു, ഇരുവരും തമ്മിലുള്ള വ്യത്യാസം 299 റണ്‍സായിരുന്നു. എത്രത്തോളം മുംബൈയുടെ ബാറ്റിങ് നിരയെ സൂര്യ തോളിലേറ്റി എന്ന് തെളിയിച്ച സീസണായിരുന്നു 2025 എന്ന് കണക്കുകളും പ്രകടനങ്ങളും വ്യക്തമാക്കുന്നു.

ഇതാണ് ഇന്ന് മുംബൈക്ക് നഷ്ടമായിരിക്കുന്നതും. സീസണിലെ സൂര്യയുടെ പ്രകടനം ശരാശരിക്കും താഴെയാണ്. സ്ട്രൈക്ക് റേറ്റിലും ശരാശരിയിലുമെല്ലാം പിന്നില്‍. മധ്യനിരയിലെ നെടുംതൂണാകേണ്ട സൂര്യ ദൗര്‍ബല്യങ്ങളിലൊന്നാകുന്നുവെന്ന് പോലും വിലയിരുത്തലുകളുണ്ട്. താരത്തിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് മുംബൈയുടെ കുതിപ്പിന് ഏറ്റവും അനിവാര്യമുള്ള ഒന്നാണ്. അവശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ ആറിലും ജയിക്കേണ്ടതുണ്ട് മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ.

Powered By: