ടി20 ലോകകപ്പില്‍ നമീബിയക്കെതിരെ സഞ്ജു സാംസണ് കാഴ്ചവെച്ച വെടിക്കെട്ട് പ്രകടനത്തെ മുന്‍ താരം ഇര്ഫാന് പത്താന് പ്രശംസിച്ചു.
ദില്ലി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ് പെട്ടന്ന് പുറത്തായെങ്കിലും പിന്തുണച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്ഫാന് പത്താന്. നമീബിയക്കെതിരെ ലോകകപ്പില്‍ അരങ്ങേറിയ സഞ്ജു എട്ട് പന്തില്‍ 22 റണ്‍സെടുത്താണ് പുറത്തായത്. മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. അഭിഷേക് ശര്‍മയ്ക്ക് പരിക്കേറ്റപ്പോഴാണ് സഞ്ജുവിന് നറുക്ക് വീണത്. എന്തായാലും സഞ്ജു നല്കിയ വെടിക്കെട്ട് തുടക്കം ഇര്ഫാന് പത്താന് നന്നായി ബോധിച്ചു.
അദ്ദേഹം പറയുന്നതിങ്ങനെ... ''സഞ്ജു സാംസന്റെ ബാറ്റിംഗ് കണ്ടപ്പോള്‍, ഒരു പോസിറ്റീവിറ്റി തോന്നു. ശരിക്കും വേറിട്ടു നിന്നു. ടീമില്‍ നിന്നും പുറത്തായ ശേഷം ഒരു കളിക്കാരന് തിരിച്ചെത്തുമ്പോള്‍, ആദ്യത്തെ സ്കോറിംഗ് ഷോട്ട് സാധാരണയായി ഗ്രൗണ്ടിലൂടെയുള്ള ഒരു സുരക്ഷിത സിംഗിള്‍ ആയിരിക്കും. എന്നാല്‍ ഇത് വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സ്കോറിംഗ് തന്നെ അറ്റാക്കിംഗ് ഷോട്ടിലൂടെയായിരുന്നു, തുടര്‍ന്ന് അദ്ദേഹം രണ്ട് ഉയര്‍ന്ന അപകടസാധ്യതയുള്ള ഷോട്ടുകള്‍ കൂടി കളിച്ചു. മൂന്ന് ഷോട്ടുകളും സിക്സ് ആയിരുന്നു.'' പത്താന് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ''അത് അദ്ദേഹത്തിന്റെ മാനസികാവസ്ഥ വളരെ വ്യക്തമായിരുന്നുവെന്ന് കാണിക്കുന്നു. സഞ്ജു ആത്മവിശ്വാസത്തോടെയും പോസിറ്റീവായും കാണപ്പെട്ടു. കൂടുതല്‍ നേരം ബാറ്റ് ചെയ്യാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് ആ കവര്‍ ഡ്രൈവ് നന്നായി കളിച്ചത്. സാങ്കേതികതികവും ടൈമിങ്ങും യോജിച്ചിരിക്കുമ്പോള്‍ മാത്രമേ അത്തരത്തിലൊരു ഷോട്ട് കളിക്കാന്‍ കഴിയൂ. അദ്ദേഹം ഒരു നീണ്ട ഇന്നിംഗ്സ് കളിച്ചില്ല, പക്ഷേ പോസിറ്റീവ് വശങ്ങള് ഉണ്ടായിരുന്നു. അഭിഷേക് ശര്‍മ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ സഞ്ജുവിനെ പിന്തുണയ്ക്കുകയും, ഈ സമീപനം തുടരുകയും വേണം.'' പത്താന് പറഞ്ഞു.
അതേസമയം, ചേതേശ്വര്‍ പൂജാര സഞ്ജുവിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നു. പൂജാര പറയുന്നതിങ്ങനെ... ''സഞ്ജുവിന് ഇപ്പോള്‍ ആവശ്യത്തിന് അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. സാധാരണയായി ഇന്ത്യന്‍ ടീമില്‍ ഇത്രയധികം അവസരങ്ങള്‍ ആര്‍ക്കും ലഭിക്കാറില്ല. അതുകൊണ്ടുതന്നെ ഈ അവസരങ്ങള്‍ അദ്ദേഹം വിലമതിക്കണം. സഞ്ജു ക്രീസില്‍ കൂടുതല്‍ സമയം എടുക്കണമെന്നല്ല താന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് ലഭിക്കുന്ന അവസരങ്ങളില്‍ ടീമിനായി റണ്‍സ് കണ്ടെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്.'' പുജാര പറഞ്ഞു.

