യശസ്വി ജയ്സ്വാളിന്‍റെ ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. 

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ത്യ ശക്തമായ നിലയിൽ. 318-2 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെന്ന നിലയിലാണ്. 75 റണ്‍സോടെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ഏഴ് റണ്‍സുമായി ധ്രുവ് ജുറെലും ക്രീസില്‍. 175 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും 43 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ജയ്സ്വാള്‍ റണ്ണൗട്ടായപ്പോള്‍ നിതീഷിനെ വാറിക്കനാണ് പുറത്താക്കിയത്.

ജയ്സ്വാളിന് നിരാശ

യശസ്വി ജയ്സ്വാളിന്‍റെ ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ ഇന്നലത്തെ സ്കോറിനോട് രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത ജയ്സ്വാള്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു. മിഡോഫിൽ ഫീല്‍ഡ് ചെയ്യുകയായിരുന്ന ടാഗ്നരെയ്ന്‍ ചന്ദര്‍പോളിന്‍റെ കൈകളിലേക്ക് പന്ത് അടിച്ച ജയ്സ്വാള്‍ റണ്ണിനായി ഓടിയെങ്കിലും ഗില്‍ ഓടാതെ നിന്നു. ഇതുകണ്ട് ജയ്സ്വാള്‍ പിച്ചിന് നടുവിലെത്തി തിരിച്ചോടിയെങ്കിലും അതിനകം ചന്ദര്‍പോളിന്‍റെ ത്രോയില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമ്ലാച്ച് ബെയ്ല്‍സിളക്കിയിരുന്നു. അര്‍ഹിച്ച ഇരട്ടസെഞ്ചുറി നഷ്ടമായ നിരാശയില്‍ ജയ്സ്വാള്‍ മടങ്ങി. മൂന്നാം വിക്കറ്റില്‍ ജയ്സ്വാള്‍-ഗില്‍ സഖ്യം 74 റണ്‍സാണ് എടുത്തത്.

Scroll to load tweet…

ജയ്സ്വാള്‍ മടങ്ങിയശേഷം ക്രീസിലെത്തിയത് നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ നിതീഷ് രണ്ടാം ദിനം ലഞ്ചിന് തൊട്ടു മുമ്പ് വീണു. 534 പന്തില്‍ 43 റണ്‍സടിച്ച നീതീഷ് നാലു ഫോറും രണ്ട് സിക്സും പറത്തി. വാറിക്കന്‍റെ പന്തില്‍ സിക്സിന് ശ്രമിച്ച നിതീഷിനെ ജെയ്ഡന്‍ സീല്‍സ് ക്യാച്ചെടുത്ത് പുറത്താക്കി. പിന്നീട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഗില്ലും ധ്രുവ് ജുറെലും ചേര്‍ന്ന് ഇന്ത്യയെ 427 റണ്‍സിലെത്തിച്ചു. 95 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്‍ 11 ഫോറും ഒരു സിക്സും പറത്തിയാണ് 75 റണ്‍സെടുത്തത്. വിൻഡീസിനായി വാറിക്കൻ മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക