വിജയ് ഹസാരെ ട്രോഫിയിൽ ഇഷാൻ കിഷന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിൽ ജാർഖണ്ഡ് ഉയർത്തിയ 413 റൺസ് വിജയലക്ഷ്യം കർണാടക മറികടന്നു.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ 413 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് കര്‍ണാടക. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ജാര്‍ഖണ്ഡ് ഇഷാന്‍ കിഷന്റെ (39 പന്തില്‍ 125) വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗില്‍ കര്‍ണാടക 47.3 ഓവററില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 118 പന്തില്‍ 147 റണ്‍സ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ഇന്നിംഗ്‌സാണ് വിജയം സമ്മാനിച്ചത്. മായങ്ക് അഗര്‍വാള്‍ (34 പന്തില്‍ 54), അഭിനവ് മനോഹര്‍ (32 പന്തില്‍ 56) എന്നിവരുടെ ഇന്നിംഗ്‌സുകളും വിജയത്തില്‍ നിര്‍ണായകമായി.
കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കര്‍ണാടകയ്ക്ക് മായങ്ക് - ദേവ്ദത്ത് സഖ്യം ഗംഭീര തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 114 റണ്‍സ് ചേര്‍ത്തു. 12-ാം ഓവറില്‍ മായങ്കിനെ മടക്കി സൗരഭ് ജാര്‍ഖണ്ഡിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ മറ്റൊരു മലയാളി താരം കരുണ്‍ നായര്‍ക്കൊപ്പം (29), ദേവ്ദത്ത് 67 റണ്‍സും കൂട്ടിചേര്‍ത്തു. 22-ാം ഓവറില്‍ മാത്രമാണ് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. കരുണ്‍ പുറത്ത്. രവിചന്ദ്രന്‍ സ്മരണ്‍ (27), കെ എല്‍ ശ്രീജിത്ത് (38) എന്നിവരും മോശമല്ലാത്ത സംഭവാന നല്‍കി മടങ്ങി.
ഇതിനിടെ ദേവ്ദത്ത് പുറത്തായതോടെ കര്‍ണാടക 40.4 ഓവറില്‍ അഞ്ചിന് 325 എന്ന നിലയിലായി. ഏഴ് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്‌സ്. താരം മടങ്ങിയെങ്കിലും അഭിനവ് - ധ്രുവ് പ്രഭാകര്‍ (22 പന്തില്‍ 40) സഖ്യം കൂട്ടിചേര്‍ത്ത 88 റണ്‍സ് കര്‍ണാടകയ്ക്ക് ജയം സമ്മാനിച്ചു.
നേരത്തെ കിഷന് പുറമെ വിരാട് കോലി (68 പന്തില്‍ 88), കുമാര്‍ കുശാഗ്ര (47 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സുകളും ജാര്‍ഖണ്ഡിന് തുണയായി. ശിഖര്‍ ധവാന്‍ (79 പന്തില്‍ 44), ശുഭ് ശര്‍മ (15), അനുകൂല്‍ റോയ് (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒമ്പത് വിക്കറ്റുകള്‍ ജാര്‍ഖണ്ഡിന് നഷ്ടമായി. അഭിലാഷ് ഷെട്ടി കര്‍ണാടകയ്ക്ക് നാല് വിക്കറ്റ് നേടി. വിദ്യാധര്‍ പാട്ടില്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

