സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റിലെ അവസാന മത്സരത്തിൽ കേരളം ഗോവയെ 102 റൺസിന് പരാജയപ്പെടുത്തി. 

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ വിജയത്തോടെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കേരളം. 102 റണ്‍സിനാണ് കേരളം ഗോവയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 47.5 ഓവറില്‍ 282 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ 45.3 ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരായാണ് ടൂര്‍ണമെന്റില്‍ നിന്ന് കേരളത്തിന്റെ മടക്കം. സ്‌കോര്‍ - കേരളം 47.5 ഓവറില്‍ 282, ഗോവ 45.3 ഓവറില്‍ 180.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ടി ഷാനിയും എ അക്ഷയയും ഭേദപ്പെട്ട തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 29 റണ്‍സെടുത്ത് ഷാനി മടങ്ങിയെങ്കിലും അക്ഷയയും ദൃശ്യയും ചേര്‍ന്ന് 61 പന്തുകളില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 38 റണ്‍സെടുത്ത ദൃശ്യയെയും 64 റണ്‍സെടുത്ത അക്ഷയയെയും വിധി ഭണ്ഡാരെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. തുടര്‍ന്നെത്തിയ എസ് ആശ തകര്‍ത്തടിച്ച് മുന്നേറി. നജ്‌ല സിഎംസിയും ആശയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 56 പന്തുകളില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സും അടക്കം ആശ 71 റണ്‍സ് നേടി. നജ്‌ല 27 റണ്‍സെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത തേജസ്വിനി ദുറാഗത് ആണ് ഗോവ ബൗളിങ് നിരയില്‍ തിളങ്ങിയത്. വിധി ഭണ്ഡാരെ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവയ്ക്ക് ഓപ്പണര്‍മാര്‍ തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പൂര്‍വ്വജ വെര്‍ലേക്കറും ഹര്‍ഷിത യാദവും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പൂര്‍വ്വജ 59ഉം ഹര്‍ഷിത 66ഉം റണ്‍സ് നേടി. എന്നാല്‍ തുടര്‍ന്നെത്തിയവരില്‍ ഒരാള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ബാറ്റര്‍മാര്‍ ഓരോരുത്തരായി വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങിയതോടെ 46-ാം ഓവറില്‍ 180 റണ്‍സിന് ഗോവയുടെ ഇന്നിങ്‌സിന് അവസാനമായി. കേരളത്തിന് വേണ്ടി നാല് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ ടി ഷാനിയാണ് ബൗളിങ് നിരയില്‍ തിളങ്ങിയത്. എസ് ആശ മൂന്ന് വിക്കറ്റും നേടി.

വിജയിച്ചെങ്കിലും കേരളത്തിന് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനായില്ല. 28 പോയിന്റുള്ള റെയില്‍വേസും 24 പോയിന്റുള്ള ഡല്‍ഹിയും നോക്കൗട്ടിലേക്ക് യോഗ്യത നേടിയപ്പോള്‍ കേരളം 20 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.

YouTube video player