രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം നാളെ തിരുവനന്തപുരത്ത് സൗരാഷ്ട്രയെ നേരിടും. കര്‍ണ്ണാടകയോട് തോറ്റ കേരളത്തിന് ഈ മത്സരം നിര്‍ണായകമാണ്. 

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം നാളെ സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം, മംഗലപുരം കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ കര്‍ണ്ണാടകയോട് ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ കേരളത്തെ സംബന്ധിച്ച് നാളത്തെ മത്സരം നിര്‍ണ്ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയില്‍ അവസാനിച്ച സൗരാഷ്ട്രയ്ക്ക് അഞ്ച് പോയിന്റാണുള്ളത്.

സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സി കെ നായിഡു ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച വരുണ്‍ നായനാര്‍, ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.ഇതിനു പുറമെ കെസിഎല്ലിലടക്കം മികവ് തെളിയിച്ച സിബിന്‍ പി ഗിരീഷും പുതുതായി ടീമിലെത്തി. മറുവശത്ത് മുന്‍ ഇന്ത്യന്‍ താരം ജയ്‌ദേവ് ഉനദ്ഘട്ടിന്റെ നേതൃത്വത്തിലാണ് സൗരാഷ്ട്ര കളിക്കാനിറങ്ങുക.

കേരള ടീം - മൊഹമ്മദ് അസറുദ്ദീന്‍, ബാബ അപരാജിത്, രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, അഹ്മദ് ഇമ്രാന്‍, സച്ചിന്‍ ബേബി, ആകര്‍ഷ് എ കൃഷ്ണമൂര്‍ത്തി, വരുണ്‍ നായനാര്‍, അഭിഷേക് പി നായര്‍, സച്ചിന്‍ സുരേഷ്, അങ്കിത് ശര്‍മ്മ, ഹരികൃഷ്ണന്‍ എം യു, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, ഏദന്‍ ആപ്പിള്‍ ടോം, സിബിന്‍ പി ഗിരീഷ്.

YouTube video player