ടി20 ലോകകപ്പ് സൂപ്പര്‍ 8-ല്‍ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട്, സ്പിന്നര്‍ ഉസ്മാന്‍ താരിക്കിന് മാത്രം പ്രത്യേക ശ്രദ്ധ നല്‍കുന്നില്ലെന്ന് ലിയാം ഡോസണ്‍ വ്യക്തമാക്കി. 

പല്ലെക്കലെ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തില്‍ ചൊവ്വാഴ്ച പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട്, സ്പിന്നര്‍ ഉസ്മാന്‍ താരിക്കിനെക്കുറിച്ചുള്ള അമിത ചര്‍ച്ചകളെ തള്ളി ലിയാം ഡോസണ്‍. പാകിസ്ഥാന്‍ ടീമിനെ മൊത്തമായി നേരിടാനാണ് ഇംഗ്ലണ്ട് തയ്യാറെടുക്കുന്നതെന്നും ഒരാളെ മാത്രം ലക്ഷ്യമിട്ടല്ല തങ്ങളുടെ തന്ത്രങ്ങളെന്നും ഓള്‍റൗണ്ടര്‍. തന്റെ വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്‍ കൊണ്ടും വേരിയേഷനുകള്‍ കൊണ്ടും അടുത്ത കാലത്തായി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ താരമാണ് താരിഖ്.

പാകിസ്ഥാന്റെ സ്പിന്‍ കരുത്ത്

താരിക്കിനെ കൂടാതെ ഷദാബ് ഖാന്‍, അബ്രാര്‍ അഹമ്മദ്, സൈം അയ്യൂബ്, സല്‍മാന്‍ ആഘ, മുഹമ്മദ് നവാസ് എന്നിങ്ങനെ കരുത്തുറ്റ സ്പിന്‍ നിരയാണ് പാകിസ്ഥാനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റര്‍മാര്‍ സ്പിന്നിന് മുന്നില്‍ പതറിയത് ആശങ്കയുണ്ടാക്കുന്നുണ്ട്. 'ശ്രദ്ധ താരിക്കില്‍ മാത്രമാകില്ല. അപകടകാരികളായ താരങ്ങളുള്ള മികച്ച ടീമാണ് പാകിസ്ഥാന്‍. താരിഖ് ഒരു നല്ല ബൗളറാണ്. പക്ഷേ ഞങ്ങള്‍ മുഴുവന്‍ ടീമിനെയും നേരിടാനാണ് പദ്ധതിയൊരുക്കുന്നത്.' ലിയാം ഡോസണ്‍ പറഞ്ഞു.

താരിക്കിന്റെ ബൗളിംഗ് ആക്ഷന്‍ പലപ്പോഴും വിവാദത്തിലായിട്ടുണ്ട്. ഐഎല്‍ടി20 (കഘഠ20) മത്സരത്തിനിടെ ഇംഗ്ലീഷ് താരം ടോം ബാന്റണും, പരിശീലന മത്സരത്തിനിടെ ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനും താരിഖിന്റെ ആക്ഷനില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. നവംബറില്‍ അരങ്ങേറ്റം കുറിച്ച ശേഷം ഏഴ് അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രം കളിച്ച പരിചയമേ താരിക്കിനുള്ളൂ എങ്കിലും, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് നെറ്റ്‌സില്‍ താരിക്കിന്റെ ആക്ഷന്‍ അനുകരിച്ച് പരിശീലനം നടത്തിയത് ശ്രദ്ധേയമായിരുന്നു.

ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം

ശ്രീലങ്കയെ 51 റണ്‍സിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് വരുന്നത്. ആ മത്സരത്തില്‍ ഡോസണ്‍, വില്‍ ജാക്‌സ്, ആദില്‍ റഷീദ് എന്നിവരടങ്ങിയ ഇംഗ്ലീഷ് സ്പിന്‍ നിര ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. പല്ലെക്കലെയിലെ പുതിയ പിച്ചില്‍ പാകിസ്ഥാനെ നേരിടുമ്പോള്‍ ഈ വൈവിധ്യം തങ്ങള്‍ക്ക് ഗുണമാകുമെന്ന് ഡോസണ്‍ വിശ്വസിക്കുന്നു. ഇടതുകൈക്ക് പരിക്കേറ്റ ജേക്കബ് ബെഥേല്‍ പന്തെറിയുമോ എന്ന കാര്യത്തില്‍ ഇംഗ്ലണ്ട് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇംഗ്ലണ്ടിന് സെമി ഫൈനല്‍ ഉറപ്പിക്കാം.

YouTube video player