മത്സരത്തിലെ എട്ടാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 7ഓവറില്‍ ഇന്ത്യ 100 കടന്നതിന് പിന്നാലെ തന്‍റെ ആദ്യ പന്തില്‍ തന്നെ ഇറാസ്മസ് ഇഷാന്‍ കിഷന്‍റെ വിക്കറ്റെടുത്തിരുന്നു.
ദില്ലി: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ 4 വിക്കറ്റുമായി തിളങ്ങിയ നമീബിയൻ ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസിന്‍റെ ബൗളിംഗ് ആക്ഷനും തന്ത്രങ്ങളും ഇന്ത്യൻ ബാറ്റിംഗ് നിരയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ദില്ലി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡയിത്തിൽ നടന്ന പോരാട്ടത്തിൽ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്താണ് ഇറാസ്മ് ഇന്ത്യയെ വട്ടം കറക്കിയത്. ഒരു ഘട്ടത്തിൽ 250-ന് മുകളിൽ സ്കോർ ചെയ്യുമെന്ന് കരുതിയ ഇന്ത്യയെ 209-ൽ ഒതുക്കിയത് ഇറാസ്മസിന്‍റെ തകർപ്പൻ സ്പെല്ലായിരുന്നു.
മത്സരത്തിലെ എട്ടാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. 7ഓവറില്‍ ഇന്ത്യ 100 കടന്നതിന് പിന്നാലെ തന്‍റെ ആദ്യ പന്തില്‍ തന്നെ ഇറാസ്മസ് ഇഷാന്‍ കിഷന്‍റെ വിക്കറ്റെടുത്തിരുന്നു. അതിന് പിന്നാലെ ഓരോ പന്തിലും വ്യത്യസ്ത ആക്ഷനുകളും വ്യത്യസ്ത റണ്ണപ്പുമായി ഇറാസ്മ്സ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിനെയും തിലക് വര്‍മയെയും വെള്ളം കുടിപ്പിച്ചു. ചില പന്തുകള്‍ റൗണ്ട് ആം ആക്ഷനില്‍ എറിഞ്ഞപ്പോള്‍ ചില പന്തുകള്‍ ബൗളിംഗ് ക്രീസിനും ഏറെ പുറകില്‍ നിന്നായിരുന്നു ഇറാസ്മസ് എറിഞ്ഞത്. ഇത് അമ്പയറുമായി തര്‍ക്കത്തിനും വഴിവെച്ചു. ആദ്യ ഓവറിലെ അവസാന പന്ത് ഇറാസ്മസ് ബൗളിംഗ് ക്രീസിനും ഏറെ പുറകില്‍ നിന്നെറിഞ്ഞപ്പോള്‍ അമ്പയര്‍ റോഡ് ടക്കര്‍ ഡെഡ് ബോള്‍ വിളിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.
എന്തുകൊണ്ടാണ് അത് ഡെഡ് ബോള്‍ വിളിച്ചതെന്ന ഇറാസ്മസിന്‍റെ ചോദ്യത്തിന് അമ്പയര്‍ ഇങ്ങനെ പന്തെറിയാനാവില്ലെന്നായിരുന്നു ആദ്യം വിശദീകരിച്ചത്. തന്‍റെ പുറകില്‍ നിന്നാണ് ഇറാസ്മസ് പന്ത് റിലീസ് ചെയ്തതെന്ന് ആദ്യം ടക്കര്‍ പറഞ്ഞെങ്കിലും അങ്ങനെയല്ലെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. ഇത്തരത്തില്‍ പന്തെറിയുന്നതിന് നിയപരമായി തെറ്റല്ലെന്ന് ഇറാസ്മസ് തര്‍ക്കിച്ചു. എന്നാല്‍ ബാറ്റര്‍ തയാറായിട്ടില്ലായിരുന്നുവെന്നായിരുന്നു അമ്പയര്‍ ഇതിന് മറുപടി നല്‍കിയത്. ബാറ്റര്‍ റെഡിയായിരുന്നില്ലെങ്കില്‍ ആ പന്ത് നേരിടില്ലെന്ന് ഇറാസ്മസ് തര്‍ക്കിച്ചെങ്കിലും അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചതില്‍ ഉറച്ചു നിന്നു. ടി20 ക്രിക്കറ്റില്‍ ബൗളിംഗ് ക്രീസിലെത്താതെ പന്തെറിയുന്നത് നിയമപരമായി തെറ്റല്ല. എന്നാല്‍ ഇങ്ങനെ എറിയുമ്പോഴും ബൗളറെ അമ്പയര്‍ക്ക് വ്യക്തമായി കാണാനാവണം എന്നാണ് നിയമത്തില്‍ പറയുന്നത്.
ഇഷാന് കിഷന് പിന്നാലെ തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, അക്സര്‍ പട്ടേൽ എന്നിവരെയും പുറത്താക്കിയാണ് ഇറാസ്മസ് 4 വിക്കറ്റെടുത്തത്. ഏഴാം ഓവറിൽ 104-ന് 1 എന്ന അതിശക്തമായ നിലയിലായിരുന്ന ഇറാസ്മസിന്‍റെ ആദ്യ സ്പെല്‍ കഴിഞ്ഞപ്പോള്‍ 124-4ലേക്ക് വീണിരുന്നു.
