ടി20 ലോകകപ്പില്‍ നമീബിയക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ 210 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. ഇഷാന്‍ കിഷന്റെയും (61) ഹാര്‍ദിക് പാണ്ഡ്യയുടെയും (52) അര്‍ധസെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. 

ദില്ലി: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ നമീബിയക്ക് 210 റണ്‍സ് വിജയലക്ഷ്യം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ഇഷാന്‍ കിഷന്‍ (24 പന്തില്‍ 61), ഹാര്‍ദിക് പാണ്ഡ്യ (28 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാസണ് (എട്ട് പന്തില്‍ 22) മികച്ച തുടക്കം ലഭിച്ചെങ്കിലും വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിച്ചില്ല. നമീബിയക്ക് വേണ്ടി ജര്‍ഹാര്‍ഡ് ഇറാസ്മസ് നാല് വിക്കറ്റ് വീഴ്ത്തി. അഭിഷേക് ശര്‍മയ്ക്ക പകരമാണ് സഞ്ജു ടീമിലെത്തിയത്. മറ്റൊരു മാറ്റം കൂടി ഇന്ത്യ വരുത്തിയിരുന്നു. മുഹമ്മദ് സിറാജിന് പകരം ജസ്പ്രിത് ബുമ്ര ടീമിലെത്തി.

ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത സഞ്ജു മൂന്ന് സിക്‌സും ഒരു ഫോറും നേടി ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ രണ്ടാം ഓവറിന്റെ അവസാന പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് കൂടാരം കയറി. പിന്നീട് ആക്രമണം ഇഷാന്‍ ഏറ്റെടുത്തു. തിലക് വര്‍മയ്‌ക്കൊപ്പം 79 റണ്‍സ് ചേര്‍ക്കാന്‍ ഇഷാന് സാധിച്ചു. എന്നാല്‍ എട്ടാം ഓവറില്‍ പുറത്തായി. അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇഷാന് പിന്നാലെ സൂര്യകുമാര്‍ യാദവ് (12), തിലക് വര്‍മ (25) എന്നിവരും നിരാശപ്പെടുത്തി. ഇതോടെ നാലിന് 124 എന്ന നിലയിലായി ഇന്ത്യ.

പിന്നീട് ഹാര്‍ദിക് - ശിവം ദുബെ (23) സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരുമാണ് സ്‌കോര്‍ 200 കടത്തിയത്. 19-ാം ഓവറില്‍ ഹാര്‍ദിക് മടങ്ങി. അതേ ഓവറില്‍ ദുബെ, അക്‌സര്‍ പട്ടേല്‍ (0) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. റിങ്കു സിംഗിന് (1) നല്ല രീതിയില്‍ മത്സരം ഫിനിഷ് ചെയ്യാനും സാധിച്ചില്ല. അര്‍ഷ്ദീപി സിംഗാണ് (2) പുറത്തായ മറ്റൊരു താരം. വരുണ്‍ ചക്രവര്‍ത്തി (1) പുറത്താവാതെ നിന്നു.

മത്സരത്തില്‍ ടോസ് നേടിയ നമീബിയ ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യയും നമീബിയയും ഇതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്നത് ഒരിക്കല്‍ മാത്രം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന് നമീബിയയെ തകര്‍ത്തു. ഇരൂ ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര.

നമീബിയ: ലോറന്‍ സ്റ്റീന്‍കാംപ്, ജാന്‍ ഫ്രൈലിങ്ക്, ജാന്‍ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍, ഗെര്‍ഹാര്‍ഡ് ഇറാസ്മസ്(സി), ജെജെ സ്മിറ്റ്, മലാന്‍ ക്രൂഗര്‍, സെയ്ന്‍ ഗ്രീന്‍(ഡബ്ല്യു), റൂബന്‍ ട്രമ്പല്‍മാന്‍, ബെര്‍ണാഡ് ഷോള്‍ട്‌സ്, ബെന്‍ ഷികോംഗോ, മാക്‌സ് ഹിംഗോ.

YouTube video player