ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. അക്സര്‍ പട്ടേലിനും കുല്‍ദീപ് യാദവിനും പകരം വാഷിംഗ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിംഗും ടീമിലെത്തിയപ്പോള്‍ സഞ്ജു സാംസണ് അവസരം ലഭിച്ചില്ല.
അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിട്ടുണ്ട്. അക്സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിംഗും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചകര്‍വര്‍ത്തി.
നെതര്‍ലന്‍ഡ്സ്: മൈക്കല്‍ ലെവിറ്റ്, മാക്സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന് അക്കര്മാന്, സ്കോട്ട് എഡ്വേര്‍ഡ്സ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സാക്ക് ലയണ്‍-കാഷെറ്റ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന് വാന്‍ ബീക്ക്, ആര്യന് ദത്ത്, കെയ്ല്‍ ക്ലീന്‍, നോഹ ക്രോസ്.
ഇതിനോടകം തന്നെ സൂപ്പര്‍ 8 യോഗ്യത ഉറപ്പാക്കിയ ഇന്ത്യ, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരമാണ് കളിക്കുന്നത്. ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത അഭിഷേക് ശര്‍മ നെതര്‍ലന്‍ഡ്സിനെതിരായ മത്സരം നിര്‍ണായകമാണ്. അമേരിക്കക്കും പാകിസ്ഥാനുമെതിരെ പൂജ്യത്തിന് പുറത്തായ അഭിഷേകിന് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഫോമിലെത്തേണ്ടത് അനിവാര്യമാണ്. നെതര്‍ലന്‍ഡ്സിനെതിരെ ഒരു വലിയ ഇന്നിംഗ്സ് കളിച്ച് ഫോമിലേക്ക് തിരിച്ചെത്താനാണ് അഭിഷേക് ലക്ഷ്യമിടുന്നത്.

