സഞ്ജുവാണ് പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമെങ്കിലും ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാവുന്നതാണ് കൂടുതല്‍ നല്ലതെന്ന് കിഷന്‍റെ ബാല്യകാല പരിശീലകനും മെന്‍ററുമായ ഉത്തം മജൂംദാര്‍.
റാഞ്ചി: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് അപ്രതീക്ഷിത തീരുമാനത്തിലൂടെ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ സെലക്ടര്‍മാര്‍ സഞ്ജു സാംസണെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറുമായി ഉൾപ്പെടുത്തിയപ്പോള്‍ ബാക്ക് അപ്പ് കീപ്പറായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ ഇഷാന്‍ കിഷനെയാണ് ടീമിലെടുത്തത്. മുഷ്താഖ് അലി ട്രോഫിയില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് ടീമിലുണ്ടായിരുന്ന ജിതേഷ് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷനെ ടീമിലെടുക്കാന്‍ കാരണമായത്.
സഞ്ജുവാണ് പ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമെങ്കിലും ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാവുന്നതാണ് കൂടുതല്‍ നല്ലതെന്ന് കിഷന്‍റെ ബാല്യകാല പരിശീലകനും മെന്‍ററുമായ ഉത്തം മജൂംദാര്‍ പറഞ്ഞു. പ്ലേയിംഗ് ഇലവനെ തീരുമാനിക്കേണ്ടത് ടീം മാനേജ്മെന്‍റാണ്. എങ്കിലും പവര്‍ പ്ലേയില്‍ അഭിഷേകിനൊപ്പം കൂടുതല്‍ ഫലപ്രദമാകുക ഇഷാന്‍ കിഷനാവുമെന്നാണ് എനിക്ക് തോന്നുന്നത്. മധ്യ ഓവറുകളില്‍ കിഷന് ബാറ്റ് ചെയ്യാനാവുമെങ്കിലും ഐപിഎല്ലിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഓപ്പണറെന്ന നിലയില്‍ താന്‍ എത്രമാത്രം വിനാശകാരിയാണെന്ന് കിഷന്‍ തെളിയിച്ചുവെന്നും ഉത്തം മജൂംദാര്‍ ടെലികോം ഏഷ്യാ സ്പോര്‍ട്ടിനോട് വ്യക്തമാക്കി.
ടി20 ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയില്‍ അഭിഷേക് ശര്‍മക്കൊപ്പം സഞ്ജു സാംസണ്‍ തന്നെ ഓപ്പണറാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ സഞ്ജു നിരാശപ്പെടുത്തിയാല്‍ മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകക്കെതിരെ ആറാമനായി ഇറങ്ങി 33 പന്തില്‍ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനെയും ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര സഞ്ജുവിന് നിര്‍ണായകമാണ്. കിഷന്‍ അഭിഷേകിനൊപ്പം ഓപ്പൺ ചെയ്താല്‍ ഓപ്പണിംഗില്‍ ഇടം കൈ-വലംകൈ കോംബിനേഷന്‍ ഉറപ്പുവരുത്തനാകില്ലെന്നതും പോരായ്മയാണ്.


