വെറും 11 ദിവസത്തെ കളി കൊണ്ട് മൂന്ന് ടെസ്റ്റും വിജയിച്ച് ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിർത്തി.
മെല്‍ബണ്‍: 11 ദിവസങ്ങള്‍ കൊണ്ട് മൂന്ന് ടെസ്റ്റും വിജയിച്ച് ആഷസ് കിരീടം നിലനിര്‍ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. പരമ്പരയ്ക്ക് മുമ്പ് ഓസീസ് ടീമിനെ പരിഹസിച്ച ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളെ നിര്‍ത്തിപ്പൊരിക്കുകയാണ് ഓസീസ് താരങ്ങളും ആരാധകരും. 15 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ടീമെന്ന ഏതിരാളികളുടെ പരിഹാസത്തിന് മറുപടി നല്‍കാന്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി വന്നത് വെറും 11 ദിവസങ്ങള്‍ മാത്രം. ആദ്യ ടെസ്റ്റ് രണ്ടാം ദിനം ജയിച്ച ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റില്‍ നാലാം ദിനം ജയം നേടി.
അഡ്‌ലെയ്ഡില്‍ അഞ്ചാം ദിവസത്തിലേക്ക് മത്സരം നീണ്ടെങ്കിലും ഫലത്തില്‍ മാറ്റമില്ല. മൂന്നാം മത്സരവും പരമ്പരയും നേടിയ ശേഷം ഓസീസ് താരം മര്‍നസ് ലബുഷെയ്ന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി. മോശം ടീമെന്ന വിളിച്ചവര്‍ക്ക് മുന്നില്‍ പരമ്പര നേടുന്നത് നല്ല കാര്യമാണെന്നും അഞ്ച് മത്സരങ്ങളും വിജയിക്കുക എന്നതാണ് ടീമിന്റെ ലക്ഷ്യമെന്നും ലബുഷെയ്ന്‍ പറയുന്നു. പരമ്പരയില്‍ ഒരിക്കല്‍ പോലും ഇംഗ്ലണ്ട് ഓസീസിന് വെല്ലുവിളിയായില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീം കോംബിനേഷനില്‍ മാറ്റം വരുത്തിയും പദ്ധതികള്‍ തയാറാക്കിയുമാണ് ഓസ്‌ട്രേലിയ ആഷസ് കിരീടം നിലനിര്‍ത്തിയത്.
സ്റ്റാര്‍ക്കിന്റെ ബോളിങ് കരുത്തിലാണ് ആഷസില്‍ ഓസീസിന്റെ കുതിപ്പ്. ആദ്യ രണ്ട് മത്സരങ്ങളിലും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത് സ്റ്റാര്‍ക്കായിരുന്നു. പരമ്പരയില്‍ ഇതുവരെ 22 വിക്കറ്റുകള്‍ നേടിയ സ്റ്റാര്‍ക്ക് ഈ വര്‍ഷം ടെസ്റ്റില്‍ 50 വിക്കറ്റുകളും തികച്ചു. തോല്‍വിയില്‍ നിരാശനാണെങ്കിലും അടുത്ത രണ്ട് മത്സരങ്ങളില്‍ തിരിച്ചുവരാന്‍ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പറഞ്ഞു
തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിക്ക് എതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. സാഹചര്യങ്ങളെ മാനിക്കുന്ന സമീപനം വേണമായിരുന്നു എന്ന പരിശീലകന്‍ മക്കല്ലത്തിന്റെ പ്രതികരണവും ഇംഗ്ലണ്ടിന്റെ ശൈലീ മാറ്റ സൂചനയാണെന്ന് വിലയിരുത്തുന്നു ക്രിക്കറ്റ് ആരാധകര്‍.
