ശ്രീകാന്തിന്‍റെ വിമർശനത്തെ ശരിവെക്കുന്നതാണ് ഇരു താരങ്ങളുടെയും ഈ സീസണിലെ പ്രകടനങ്ങൾ. ഈ സീസണിൽ ഇതുവരെ വെറും 61 റൺസ് മാത്രമാണ് റിയാൻ പരാഗിന്‍റെ സമ്പാദ്യം.
മുംബൈ: ഐപിഎല്ലിൽ മോശം ഫോമിൽ തുടരുന്ന രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ അജിങ്ക്യ രഹാനെയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ഈ സീസണിലെ 'ഏറ്റവും മോശം ബാറ്റ്‌സ്മാൻ' എന്ന പട്ടത്തിനായി ഇരുവരും തമ്മിൽ വലിയ മത്സരമാണെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
രാജസ്ഥാൻ റോയൽസ് പോയിന്‍റ് പട്ടികയിൽ ആദ്യ നാലിലുണ്ടെങ്കിലും നായകൻ റിയാൻ പരാഗിന്‍റെ ഫോമില്ലായ്മ ടീമിന് വലിയ തലവേദനയാകുന്നുണ്ട്. ഇതിനെതിരെയാണ് ശ്രീകാന്ത് വിമർശനവുമായി രംഗത്തെത്തിയത്. പരാഗ് പതിവുപോലെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒന്നും ചെയ്യുന്നില്ല. ആകെ അറിയാവുന്നത് ഗ്രൗണ്ടിലെ ആ സ്‌റ്റൈലൻ നടത്തം മാത്രമാണ്. പരാഗും രഹാനെയും തമ്മിൽ ഇപ്പോൾ ഒരു മത്സരമുണ്ട്; ആരാണ് ഈ സീസണിലെ ഏറ്റവും മോശം ബാറ്റ്‌സ്മാൻ എന്ന കാര്യത്തിൽ. പരാഗ് ഒരു സീസണിൽ നന്നായി കളിച്ചു, അതോടെ എല്ലാം കഴിഞ്ഞുവെന്നും ശ്രീകാന്ത് പരിഹസിച്ചു.
ശ്രീകാന്തിന്‍റെ വിമർശനത്തെ ശരിവെക്കുന്നതാണ് ഇരു താരങ്ങളുടെയും ഈ സീസണിലെ പ്രകടനങ്ങൾ. ഈ സീസണിൽ ഇതുവരെ വെറും 61 റൺസ് മാത്രമാണ് റിയാൻ പരാഗിന്‍റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റാകട്ടെ വെറും 122 മാത്രം. കൊൽക്കത്ത നായകനായ അജിങ്ക്യ രഹാനെ 7 മത്സരങ്ങളിൽ നിന്ന് 152 റൺസ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ആവശ്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് മടങ്ങുകയും ചെയ്തു.
യുവതാരങ്ങളായ വൈഭവ് സൂര്യവംശിയെയും യശസ്വി ജയ്‌സ്വാളിനെയും അമിതമായി ആശ്രയിക്കുന്നത് രാജസ്ഥാൻ റോയൽസിന്‍റെ മധ്യനിരയിലെ വിള്ളലുകൾ തുറന്നുകാട്ടുന്നുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. ഗുജറാത്തിനെതിരായ ജയത്തോടെ വിജയവഴിയില്‍ തിരിച്ചെത്തിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെത്തുമെന്ന് ശ്രീകാന്ത് പ്രവചിച്ചു. നിർണ്ണായക മത്സരങ്ങൾ ജയിക്കാനുള്ള മുംബൈയുടെ മികവ് അവരെ പ്ലേഓഫിൽ എത്തിക്കും. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ലക്നൗ സൂപ്പർ ജയന്‍റ്സും പ്ലേ ഓഫിലെത്താന്‍ സാധ്യതയില്ലെന്നും ശ്രീകാന്ത് പറഞ്ഞു. കൊല്‍ക്കത്തയും ലകനൗവും ടൂർണമെന്‍റിൽ നിന്ന് പുറത്തായിക്കഴിഞ്ഞുവെന്നും ഇനി അവർ ഒൻപതാം സ്ഥാനത്തിനും പത്താം സ്ഥാനത്തിനും വേണ്ടി പോരാടുമെന്നും ശ്രീകാന്ത് പറഞ്ഞു.
