15-കാരനായ രാജസ്ഥാന്‍റെ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ ആദ്യ പന്തിൽ തന്നെ പുറത്താക്കുമെന്ന് സഹതാരങ്ങളോട് പറഞ്ഞിരുന്നുവെന്ന് ഹിംഗെ പറഞ്ഞു.

ഹൈദരാബാദ്: ഐപിഎല്ലില്‍ വീണ്ടും ഒരു യുവതാരോദയത്തിനാണ് ഇന്നലെ സണ്‍റൈസേഴ്സ് ഹൈദാബാദ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം സാക്ഷ്യം വഹിച്ചത്. രാജസ്ഥാൻ കൗമാര താരം വൈഭവ് സൂര്യവംശിയേടുത് ഉള്‍പ്പെടെ തന്‍റെ ആദ്യ ഓവറില്‍ തന്നെ 3 വിക്കറ്റെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ യുവ പേസർ പ്രഫുൽ ഹിംഗെയാണ് ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം.

'ആദ്യ പന്തിൽ തന്നെ വിക്കറ്റ്'; പ്രവചനം യാഥാർത്ഥ്യമാക്കി ഹിംഗെ

താൻ ആഗ്രഹിച്ച കാര്യം സംഭവിക്കുമെന്ന ദൃഢവിശ്വാസമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഹിംഗെ മത്സരത്തിന് ശേഷം വെളിപ്പെടുത്തി. 15-കാരനായ രാജസ്ഥാന്‍റെ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയെ ആദ്യ പന്തിൽ തന്നെ പുറത്താക്കുമെന്ന് സഹതാരങ്ങളോട് പറഞ്ഞിരുന്നുവെന്ന് ഹിംഗെ പറഞ്ഞു. വൈഭവിനെതിരെ ബൗണ്‍സര്‍ എറിയുമെന്നും ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുക്കുമെന്നും ഞാന്‍ പലരോടും പറഞ്ഞിരുന്നു. അവനെ ആദ്യ പന്തില്‍ പുറത്താക്കുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. കോച്ച് വരുണ്‍ ആരോണും വൈഭവിനെ വീഴ്ത്താനുള്ള തന്ത്രമൊരുക്കാൻ തന്നെ സഹായിച്ചുവെന്ന് ഹിംഗെ പറഞ്ഞു.

View post on Instagram

അരങ്ങേറ്റ മത്സരത്തിൽ ഞാൻ 4-5 വിക്കറ്റുകൾ വീഴ്ത്തുമെന്ന് എവിടെയോ എഴുതി വെച്ചിരുന്നു. പവർപ്ലേയിൽ ആധിപത്യം സ്ഥാപിക്കണമെന്നായിരുന്നു ചിന്ത. മറ്റുള്ളവരുടെ കാര്യം അറിയില്ല, പക്ഷേ ഞാൻ എന്‍റെ പ്രതിജ്ഞയില്‍ വിശ്വസിക്കുന്നു- പ്രഫുൽ ഹിംഗെ പറഞ്ഞു.

13-ാം വയസ്സിൽ ക്രിക്കറ്റ് തുടങ്ങിയ ഹിംഗെയ്ക്ക് ലെതർ ബോൾ ക്രിക്കറ്റിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പിതാവിന്‍റെ പിന്തുണയോടെ ക്ലബ്ബിൽ ചേർന്ന താരം കഠിനാധ്വാനത്തിലൂടെയാണ് ഐപിഎല്ലിന്‍റെ വിസ്മയ ലോകത്ത് എത്തിയത്. ബൗളിംഗ് കോച്ച് വരുൺ ആരോണിന്‍റെ നിർദ്ദേശങ്ങൾ തന്‍റെ ബൗളിംഗ് മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചുവെന്ന് കഴിഞ്ഞ നാലു വര്‍ഷമായി ആരോണിന്‍റെ ശിക്ഷണത്തിലാ് പരിശീലിക്കുന്നതെന്നും ഹിംഗെയും സാക്കിബ് ഹുസൈനും മത്സരശേഷം പറഞ്ഞു.

View post on Instagram

മത്സരത്തലേന്നാണ് ഹൈദരാബാദ് ബൗളിംഗ് കോച്ച് രാജസ്ഥാനെതിരെ കളിക്കുന്ന കാര്യം പറഞ്ഞത്. അപ്പോള്‍ മുതല്‍ ഈ നിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നുവെന്ന് സാക്കിബ് ഹുസൈന്‍ പറഞ്ഞു. ഒരു മത്സരത്തിൽ തന്നെ രണ്ട് അരങ്ങേറ്റ ബൗളർമാർ നാല് വിക്കറ്റുകൾ വീതം വീഴ്ത്തുന്നത് ഐപിഎൽ ചരിത്രത്തില്‍ ആദ്യമാണ്. തന്‍റെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം കുടുംബത്തിനാണ് ഹിംഗെ സമർപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക