ഐപിഎല്‍ 2026-ല്‍ അവിശ്വസനീയ പ്രകടനം കാഴ്ചവെക്കുന്ന 15-കാരനായ വൈഭവ് സൂര്യവന്‍ഷി പാകിസ്ഥാനിലടക്കം പ്രശംസ നേടുകയാണ്. വൈഭവിൻ്റെ ബാറ്റിംഗ് മികവ് കണ്ട്, അദ്ദേഹത്തിന്റെ ബാറ്റില്‍ ഒരു 'എഐ ചിപ്പ്' ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഒരു പാക് ടിവി അവതാരകന്‍ തമാശരൂപേണ പറയുകയുണ്ടായി. 

മുംബൈ: ഐപിഎല്‍ 2026 സീസണിലെ അവിശ്വസനീയ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ് 15കാരനായ വൈഭവ് സൂര്യവന്‍ഷി. ഇന്ത്യന്‍ ആരാധകരെ മാത്രമല്ല, അതിര്‍ത്തിക്കപ്പുറം പാകിസ്ഥാനിലെ പ്രമുഖ ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചിരിക്കുകയാണ് ഈ കൗമാര താരം. വൈഭവിന്റെ ബാറ്റിംഗ് മികവ് കണ്ട് അവന്റെ ബാറ്റില്‍ ഒരു 'എഐ ചിപ്പ്' ഘടിപ്പിച്ചിട്ടുണ്ടാകുമെന്ന് പാക് ടെലിവിഷന്‍ അവതാരകന്‍ തമാശരൂപേണ അഭിപ്രായപ്പെട്ടത്.

ഈ സീസണിലെ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്ന് മാത്രം 357 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ യാതൊരു ഭയവുമില്ലാതെ ബാറ്റ് വീശുന്ന വൈഭവിനെ പ്രമുഖ പാക് ക്രിക്കറ്റ് അനലിസ്റ്റ് നൗമാന്‍ നിയാസ് വാനോളം പുകഴ്ത്തി. 'സ്മാഷ് ഹിറ്റ്' എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബാറ്റ് ലാബില്‍ പരിശോധിക്കണം!

'ആ കുട്ടി എന്തൊരു പ്രകടനമാണ് നടത്തുന്നത്. അവന്റെ ബാറ്റ് ഒന്ന് പരിശോധിക്കണം. വാഡ ഉത്തേജക മരുന്ന് പരിശോധന നടത്തുന്നത് പോലെ അവന്റെ ബാറ്റ് ഒരു ലാബിലേക്ക് അയക്കണം. ഒരുപക്ഷേ അവന്‍ ബാറ്റില്‍ എഐ ചിപ്പ് ഉപയോഗിക്കുന്നുണ്ടാകാം.' നൗമാന്‍ നിയാസ് പറഞ്ഞു.

വൈഭവിന്റെ ബാറ്റിംഗ് സവിശേഷതകളെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ.. ''വെറും 15 വയസ്സ് മാത്രം പ്രായമുള്ള അവന് പേശീബലത്തേക്കാള്‍ കൂടുതല്‍ ടൈമിംഗിലും ബാറ്റിംഗ് സാങ്കേതികതയിലുമാണ് കരുത്ത്. കൈത്തണ്ട ഉപയോഗിച്ച് കളിക്കുന്ന വൈഭവ് ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലേക്കും പന്ത് പായിക്കാന്‍ കെല്‍പ്പുള്ള 360 ഡിഗ്രി പ്ലെയറാണ്.'' നിയാസ് കൂട്ടിച്ചേര്‍ത്തു. വിരാട് കോലി ലോക ചാമ്പ്യനായിരുന്ന കാലത്ത് ജനിച്ച ഈ വൈഭവ് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടി20 ലീഗില്‍ ആധിപത്യം ഉറപ്പിക്കുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

ജൂനിയര്‍ ടീമുകളില്‍ ഇടം പിടിക്കാന്‍ ശ്രമിക്കുന്ന പ്രായത്തില്‍, അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ ക്രിക്കറ്റ് രാജ്യങ്ങളില്‍ നിന്നുപോലും പ്രശംസ ഏറ്റുവാങ്ങുന്ന വൈഭവ് സൂര്യവന്‍ഷി ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ വാഗ്ദാനമായി മാറിക്കഴിഞ്ഞു.

YouTube video player