തുടർച്ചയായ പരാജയങ്ങളിൽ വലയുന്ന മുംബൈ ഇന്ത്യൻസിന്, ഗുജറാത്ത് ടൈറ്റൻസിനെതിരായ നിർണായക മത്സരത്തിൽ രോഹിത്തിന്റെ സാന്നിധ്യം വലിയ പ്രതീക്ഷയാണ് നൽകുന്നത്.
അഹമ്മദാബാദ്: തുടര്‍ച്ചയായ നാല് പരാജയങ്ങളില്‍ വലയുന്ന മുംബൈ ഇന്ത്യന്‍സിന് ആശ്വാസവാര്‍ത്ത. ഹാംസ്ട്രിംഗ് പരിക്കിനെത്തുടര്‍ന്ന് വിട്ടുനിന്ന മുന്‍ നായകന് രോഹിത് ശര്‍മ്മ നെറ്റ്സ് പരിശീലനത്തിന് തിരിച്ചെത്തി. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള നിര്‍ണായക മത്സരത്തിന് മുന്നോടിയായി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് പഞ്ചാബ് കിംഗ്സിനെതിരെയുള്ള കഴിഞ്ഞ മത്സരം അദ്ദേഹത്തിന് നഷ്ടമായിരുന്നു.
രോഹിത് കൂടുതല്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, അഹമ്മദാബാദിലെ പരിശീലന സെഷനില്‍ താരം മികച്ച രീതിയില്‍ പന്തുകള്‍ നേരിടുന്നത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. നിലവില്‍ മെഡിക്കല്‍ ടീമിന്റെയും ഹെഡ് കോച്ച് മഹേല ജയവര്‍ധനെയുടെയും നിരീക്ഷണത്തിലാണ് രോഹിത്. അവസാന വട്ട പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഗുജറാത്തിനെതിരെ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാകൂ എന്ന് ഫ്രാഞ്ചൈസി അറിയിച്ചു.
ബാറ്റിംഗ് നിരയിലെ മാറ്റങ്ങള്‍
രോഹിത്തിന്റെ അഭാവത്തില്‍ ക്വിന്റണ്‍ ഡി കോക്കും റയാന് റിക്കല്‍ട്ടനുമാണ് മുംബൈക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. പഞ്ചാബ് കിംഗ്സിനെതിരെ ഡി കോക്ക് 112 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ റിക്കല്‍ട്ടന്റെ ഫോം മുംബൈയെ ആശങ്കപ്പെടുത്തുന്നുണ്ട്. രോഹിത് തിരിച്ചെത്തുന്നതോടെ ഡി കോക്ക്-രോഹിത് സഖ്യം ഓപ്പണിംഗില്‍ ഒന്നിക്കാനാണ് സാധ്യത. ഈ സീസണില്‍ കളിച്ച നാല് മത്സരങ്ങളില്‍ നിന്ന് 45.67 ശരാശരിയില്‍ 137 റണ്‍സ് രോഹിത് നേടിയിട്ടുണ്ട്.
അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും ഒരു വിജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ടൂര്ണമെന്റിലേക്ക് ശക്തമായി തിരിച്ചുവരാന്‍ രോഹിത് ശര്‍മ്മയുടെ സാന്നിധ്യം ടീമിന് അനിവാര്യമാണ്.
