ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 115 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ ടോപ് സ്കോററായ സഞ്ജു ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 48 റണ്‍സുമായി വീണ്ടും ചെന്നൈയുടെ ടോപ് സ്കോററായി.

ചെന്നൈ: ഐപിഎല്ലിലെ ആദ്യ മൂന്ന് കളികളിലെ നിരാശക്കുശേഷം അവസാന രണ്ട് കളിയിലെ പ്രകടനത്തോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ഇടം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണും. ആദ്യ മൂന്ന് കളികളിൽ ഒറ്റ അക്ക സ്കോറില്‍ പുറത്തായതിന്‍റെ നിരാശ തീര്‍ത്ത് കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 115 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ ടോപ് സ്കോററായ സഞ്ജു ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 48 റണ്‍സുമായി വീണ്ടും ചെന്നൈയുടെ ടോപ് സ്കോററായി.

ഇതോടെ അഞ്ച് മത്സരങ്ങളില്‍ 185 റണ്‍സുമായാണ് സഞ്ജു റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ ടോപ് 5ല്‍ എത്തിത്. 46.25 ബാറ്റിംഗ് ശരാശരിയും 172.90 സ്ട്രൈക്ക് റേറ്റുമുള്ള സഞ്ജു റൺവേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ്. കൊല്‍ക്കത്തക്കെതിരായ മത്സരത്തിന് മുമ്പ് പതിനാലാം സ്ഥാനത്തായിരുന്ന സഞ്ജു രോഹിത് ശര്‍മ, വിരാട് കോലി, ധ്രുവ് ജുറെല്‍, ജോസ് ബട്‌ലര്‍, യശസ്വി ജയ്സ്വാള്‍ എന്നിവരെയെല്ലാം പിന്നിലാക്കിയാണ് അഞ്ചാം സ്ഥാനത്തെത്തിയത്. രജത് പാട്ടീദാര്‍(195), വൈഭവ് സൂര്യവംശി(200), ഇഷാന്‍ കിഷന്‍(213), ഹെന്‍റിച്ച് ക്ലാസന്‍(224) എന്നിവര്‍ മാത്രമാണ് ഇനി സഞ്ജുവിന് മുന്നിലുള്ളത്.

View post on Instagram

അഞ്ച് മത്സരങ്ങളില്‍ 171 റണ്‍സടിച്ച യുവതാരം ആയുഷ് മാത്രെ മാത്രമാണ് ചെന്നൈ ടീമില്‍ സഞ്ജുവിന് അടുത്തുള്ള ബാറ്റര്‍. വിക്കറ്റ് വേട്ടക്കാരില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ പ്രസിദ്ധ് കൃഷ്ണ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 10 വിക്കറ്റുമായാണ് പ്രസിദ്ധ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ അന്‍ഷുല്‍ കാംബോജ് 10 വിക്കറ്റുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ രാജസ്ഥാന്‍റെ രവി ബിഷ്ണോയ് 9 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ജോഫ്ര ആര്‍ച്ചര്‍(7), പ്രിൻസ് യാദവ്(6), ജേക്കബ് ഡഫി(6) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക