കടുത്ത പനിയും വയറിലെ അണുബാധയും മൂലം ആശുപപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്നലെ ആശുപത്രി വിട്ടിരുന്നെങ്കിലും ഇന്ന് നമീബിയക്കെതിരെ വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്.
ദില്ലി: ബാറ്റിംഗ് പരിശീലനത്തിനിടെ നെറ്റ്സില്‍ തകര്‍പ്പന്‍ പ്രകടനവുമായി ടി20 ലോകകപ്പില്‍ അരങ്ങേറ്റ മത്സരത്തിന് ഒരുങ്ങുന്ന മലയാളി താരം സഞ്ജു സാംസണ്. അഭിഷേക് ശര്‍മക്ക് പകരം ഇന്ന് നമീബിയക്കെതിരെ സഞ്ജു ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ഇന്നലെ വൈകിട്ടോടെ ദില്ലി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയ ഇന്ത്യൻ ടീമിനൊപ്പം നെറ്റ്സില്‍ ദീര്‍ഘനേരം ബാറ്റ് ചെയ്ത സഞ്ജു ഇന്ത്യൻ പേസറായ അര്‍ഷ്ദീപ് സിംഗിന്റെ ബൗസറുകള്‍ പുള്‍ ചെയ്തും മറ്റ് നെറ്റ് ബൗളര്‍മാര്‍ക്കെതിരെ തകര്‍ത്തടിച്ചും മികച്ച ടച്ചിലാണെന്ന് തെളിയിച്ചു.
സഞ്ജുവിന്റെ ഷോട്ടുകള്‍ കണ്ട് അടുത്തതായി ബാറ്റിംഗിന് തയാറെടുത്ത തിലക് വര്‍മ അഭിനന്ദിക്കുകയും ചെയ്തു. കടുത്ത പനിയും വയറിലെ അണുബാധയും മൂലം ആശുപപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ ഇന്നലെ ആശുപത്രി വിട്ടിരുന്നെങ്കിലും ഇന്ന് നമീബിയക്കെതിരെ വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. 15ന് കൊളംബോയില്‍ പാകിസ്ഥാനെതിരായ നിര്‍ണായക മത്സരം കളിക്കാനുള്ളതിനാല്‍ അഭിഷേകിന് ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ വിശ്രമം അനുവദിക്കാനാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനം. ഇതാണ് സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റത്തിന് വഴി തുറന്നത്.
അതിനിടെ ഇന്നലെ നെറ്റ്സില്‍ ബാറ്റിംഗിനിടെ ജസ്പ്രീത് ബുമ്രയുടെ യോര്‍ക്കര്‍ കാലില്‍ കൊണ്ട് മറ്റൊരു ഓപ്പണറായ ഇഷാന് കിഷന് പരിക്കേറ്റത് ഇന്ത്യൻ ക്യാംപില്‍ ആശങ്ക സമ്മാനിച്ചിരുന്നു. നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ ഇഷാൻ കിഷന്റെ ഇടതുകാലിലെ വിരലിലാണ് ബുമ്രയുടെ പന്ത് കൊണ്ടത്. പന്ത് കൊണ്ട ഉടനെ തന്നെ വേദന കൊണ്ട് പുളഞ്ഞ താരം നിലത്തിരുന്നു. ഉടൻ തന്നെ ഇന്ത്യൻ ടീം ഫിസിയോയും കോച്ചിംഗ് സ്റ്റാഫും ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി. പരിക്കിന്റെ ഗൗരവം പരിശോധിച്ച ശേഷം താരം പിന്നീട് ബാറ്റിംഗ് തുടർന്നെങ്കിലും അസ്വസ്ഥത പ്രകടിപ്പിച്ചെങ്കിലും കിഷന് പരിക്ക് ഗുരുതരമല്ലെന്നാണ് വിലയിരുത്തല്‍. നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് വാഷിംഗ്ടൺ സുന്ദർ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായി പരിശീലനത്തിന് ഇറങ്ങിയതും ഇന്ത്യൻ ടീമിന് ആശ്വാസമായി.
