പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡിന് പകരക്കാരനായി സ്റ്റീവ് സ്മിത്തിനെ ഓസ്ട്രേലിയന്‍ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. 

കൊളംബോ: ടി20 ലോകകപ്പിലെ നിര്‍ണ്ണായക മത്സരങ്ങള്‍ക്ക് മുന്നോടിയായി ഓസ്ട്രേലിയന്‍ ടീമില്‍ സുപ്രധാന മാറ്റം. പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡിന് പകരം സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തി. കാലിനേറ്റ പരിക്കില്‍ നിന്ന് ഹേസല്‍വുഡിന് പൂര്‍ണ്ണമായി മുക്തനാകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റി സ്മിത്തിന് പച്ചക്കൊടി നല്‍കിയത്. സിംബാബ്വെയ്ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഓസ്ട്രേലിയയ്ക്ക് സ്മിത്തിന്റെ അനുഭവസമ്പത്ത് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹേസല്‍വുഡ് ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ തിരിച്ചെത്തുമെന്ന് ടീം മാനേജ്മെന്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും പരിക്കില്‍ മാറ്റമില്ലാത്തതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ബിഗ് ബാഷ് ലീഗിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്മിത്തിന് ലോകകപ്പിലേക്കുള്ള വഴി തുറന്നത്. സിഡ്നി സിക്സേഴ്സിന് വേണ്ടി 6 മത്സരങ്ങളില്‍ നിന്ന് 59.80 ശരാശരിയില്‍ 299 റണ്‍സ് അദ്ദേഹം അടിച്ചുകൂട്ടിയിരുന്നു. ഇതില്‍ 41 പന്തില്‍ നേടിയ സെഞ്ചുറിയും ഉള്‍പ്പെടുന്നു.

ഗ്രോയിന്‍ ഇഞ്ചുറി കാരണം ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് സ്മിത്ത് അവസാനമായി ടി20 അന്താരാഷ്ട്ര മത്സരം കളിച്ചത്. ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും കുട്ടിക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്കായി ഇറങ്ങുന്നത്. പവര്‍ ഹിറ്റിംഗിന് പേരുകേട്ടവനല്ലെങ്കിലും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിലൂടെയും ഇന്നിംഗ്സ് പടുത്തുയര്‍ത്താനുള്ള കഴിവിലൂടെയും ഓസ്ട്രേലിയന്‍ മധ്യനിരയെ ശക്തമാക്കാന്‍ സ്മിത്തിന് സാധിക്കും.

YouTube video player