ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 57 റൺസിന് തോറ്റ് രാജസ്ഥാന് റോയല്‍സ് ആദ്യ പരാജയം ഏറ്റുവാങ്ങി. ഇഷാന് കിഷന്റെ (91) മികവില്‍ ഹൈദരാബാദ് 216 റണ്‍സ് നേടിയപ്പോള്‍, അരങ്ങേറ്റക്കാരായ പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന് എന്നിവരുടെ എട്ട് വിക്കറ്റ് പ്രകടനം രാജസ്ഥാനെ 159 റണ്‍സിന് പുറത്താക്കി.
ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന് ആദ്യ തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 57 റണ്‍സിന്റെ തോല്‍വിയാണ് രാജസ്ഥാന് നേരിട്ടത്. ഹൈദരാബാദില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സാണ് നേടിയത്. ഇഷാന് കിഷന്റെ (44 പന്തില്‍ 91) ഇന്നിംഗ്സാണ് ഹൈദരാബാദിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. അരങ്ങേ]റ്റത്തില്‍ തന്നെ നാല് വീതം വിക്കറ്റ് വീഴ്ത്തിയ പ്രഫുല്‍ ഹിംഗെ, സാക്കിബ് ഹുസൈന് എന്നിവരാണ് രാജസ്ഥാനെ തകര്‍ത്തത്. 44 പന്തില്‍ 69 റണ്‍സ് നേടിയ ഡോണോവന്‍ ഫെരേരയായാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. രവീന്ദ്ര ജഡേജ 45 റണ്‍സെടുത്തു.
തുടക്കത്തില്‍ കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് രാജസ്ഥാന് നേരിട്ടത്. പ്രഫുല്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. പ്രഫുല്‍ എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ വൈഭവ് സൂര്യവന്‍ഷിയുടെ (0) വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. നാലാം പന്തില്‍ ധ്രുവ് ജുറലും (0) മടങ്ങി. അവസാന പന്തില്‍ ലുവന്-ഡ്രെ പ്രിട്ടോറിയസ് (0) കൂടി തിരിച്ചയച്ച് പ്രഫുല്‍ രാജസ്ഥാനെ മൂന്നിന് ഒന്ന് എന്ന നിലയിലേക്ക് തള്ളിവിട്ടു. രണ്ടാം ഓവറില്‍ യശസ്വി ജയ്സ്വാളും (1) മടങ്ങി. ഇത്തവണ സാക്കിബ് ഹുസൈന്റെ പന്തില്‍ നിതീഷ് കുമാറിന് ക്യാച്ച്. തുടര്‍ന്ന് മൂന്നാം ഓവറില്‍ റിയന്‍ പരാഗിനേയും (4) മടക്കി പ്രഫുല്‍ രാജസ്ഥാനെ അഞ്ചിന് ഒമ്പത് എന്ന പരിതാപകരമായ നിലയിലേക്ക് തള്ളിവിട്ടു.
പിന്നീട് ജഡേജ - ഫെരേര സഖ്യം 118 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് രാജസ്ഥാനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. പതിനഞ്ചാം ഓവറില്‍ ഫെരേര മടങ്ങി. തൊട്ടടുത്ത ഓവറില്‍ ജഡേജയും. ജോഫ്ര ആര്‍ച്ചര്‍ (2), രവി ബിഷ്ണോയി (0) എന്നിവര്‍ക്ക് പിടിച്ചുനില്ക്കാന് സാധിച്ചില്ല. തുഷാര്‍ ദേശ്പാണ്ഡെയുടെ (11 പന്തില്‍ 25) ഇന്നിംഗ്സ് തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. നന്ദ്രേ ബര്‍ഗര്‍ (3) പുറത്താവാതെ നിന്നു.
ഇഷാന് പുറമെ ഹെന്റിച്ച ക്ലാസന് (26 പന്തില്‍ 40), നിതീഷ് കുമാര്‍ (28), സലിന് അറോറ (24), ട്രാവിസ് ഹെഡ് (18) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അഭിഷേക് ശര്‍മ (0) ഗോള്‍ഡന്‍ ഡക്കായി. അനികേത് വര്‍മയുടെ (6) വിക്കറ്റും ഹൈദരാബാദിന് നഷ്ടമായി. ഹര്‍ഷ് ദുബെ (0) സലിലിനൊപ്പം പുറത്താവാതെ നിന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന് കിഷന് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഹെന്റിച്ച് ക്ലാസന്, സലില്‍ അറോറ, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, പ്രഫുല്‍ ഹിംഗെ, ഇഷാന് മലിംഗ.
രാജസ്ഥാന് റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ലുവന്-ഡ്രെ പ്രിട്ടോറിയസ്, ഡോണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, സന്ദീപ് ശര്‍മ, രവി ബിഷ്ണോയ്, തുഷാര്‍ ദേശ്പാണ്ഡെ.
