പോരാട്ടവും നിലവാരവും എല്ലാം ഒരുപോലെ തന്നെ. ഇരുടീമുകളും തമ്മിലുളള പോരാട്ടത്തെക്കുറിച്ചാണെങ്കില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ 7-7 അല്ലെങ്കില്‍ 8-7 ഒക്കെ ആണെങ്കിൽ അല്ലെ അതിനെ പോരാട്ടമെന്നൊക്കെ പറയാനാവു.

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും പാകിസ്ഥാനെ തോല്‍പിച്ച് വിജയം തുടര്‍ന്നതിന് പിന്നാലെ പാക് ടീമിനെ പരിഹസിച്ച് ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ്. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് സൂര്യ പാകിസ്ഥാനുമായുള്ള മത്സരത്തെ ചിരവൈരികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കരുതെന്ന് പറഞ്ഞത്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കളി നിലവാരത്തിലെ അന്തരം കൂടുന്നതിനെക്കുറിച്ചായിരുന്നു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഇതിന് മറുപടി നല്‍കിയ സൂര്യകുമാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞത്, സാര്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത്, ഇനിയെങ്കിലും ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളെ ചിരവൈരികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കരുതെന്നാണ് എന്നയായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് രണ്ട് ടീമുകളും തമ്മിലുള്ള കളി നിലിവരാത്തിലെ അന്തരത്തെക്കുറിച്ചാണെന്നും പരമ്പരാഗത വൈരത്തെക്കുറിച്ചല്ലെന്നും മാധ്യമപ്രവര്‍ത്തകന്‍റെ വിശദീകരണത്തിനും സൂര്യ മറുപടി നല്‍കി.

പോരാട്ടവും നിലവാരവും എല്ലാം ഒരുപോലെ തന്നെ. ഇരുടീമുകളും തമ്മിലുളള പോരാട്ടത്തെക്കുറിച്ചാണെങ്കില്‍ ഇതുവരെ കളിച്ച 15 മത്സരങ്ങളില്‍ 7-7 അല്ലെങ്കില്‍ 8-7 ഒക്കെ ആണെങ്കിൽ അല്ലെ അതിനെ പോരാട്ടമെന്നൊക്കെ പറയാനാവു. ഇവിടെ 13-1(12-3) എന്തോ ആണ് പരസ്പരം മത്സരിച്ചപ്പോഴത്തെ കണക്കുകള്‍. അതുകൊണ്ട് തന്നെ ഇരു ടീമും തമ്മില്‍ ഇവിടെ മത്സരമുണ്ടെന്ന് പോലും പറയാനാവില്ല. ബാറ്റിംഗിലും ബൗളിംഗിലും പാകിസ്ഥാനെക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തതെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

Scroll to load tweet…

തന്നില്‍ നിന്ന് എന്താണ് ടീം പ്രതീക്ഷിക്കുന്നതെന്ന് അഭിഷേക് ശര്‍മക്ക് കൃത്യമായി അറിയാമെന്നും അത് തന്നെയാണ് അവന്‍ ചെയ്യുന്നതെന്നും സൂര്യകുമാര്‍ പറഞ്ഞു. ഓരോ മത്സരം കഴിയുന്തോറും അഭിഷേക് കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണെന്നും സൂര്യകുമാര്‍ വ്യക്തമാക്കി. പാക് ടീം ലക്ഷ്യമിട്ടതിലും 15-20 റണ്‍സ് കുറച്ചാണ് സ്കോര്‍ ചെയ്തതെന്നും ഇതാണ് തോല്‍വിക്ക് കാരണമായതെന്നും മത്സരശേഷം പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഘ പറഞ്ഞു. 10 ഓവര്‍ കഴിഞ്ഞപ്പോള്‍ 91 റണ്‍സിലെത്തിയ ഞങ്ങള്‍ക്ക് ഇടക്ക് അടിതെറ്റി. എങ്കിലും 171 റണ്‍സ് ഈ പിച്ചില്‍ വെല്ലുവിളി ഉയര്‍ത്താവുന്ന ടോട്ടലായിരുന്നു. പക്ഷെ അവരുടെ ഓപ്പണിംഗ് കൂട്ടുകെട്ട് ഞങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തു. എങ്കിലും പ്രതീക്ഷ നല്‍കുന്ന ഒരുപാട് കാര്യങ്ങള്‍ ഈ മത്സരത്തിലുണ്ടായെന്നും സല്‍മാന്‍ ആഘ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക