അഭിഷേക് ശർമ്മ റൺസ് കണ്ടെത്താത്തത് അവിശ്വസനീയമാണ്. വൻ ഫോമിലെത്തിയ ഒരു താരം ഇങ്ങനെയാകുന്നത് വിചിത്രമായി തോന്നുന്നു.
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് മുന്നറിയിപ്പുമായി സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. യുവ ഓപ്പണർ അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയും ഇന്ത്യയുടെ റൺ ചേസിംഗിലെ പരിചയക്കുറവും ടീമിന് തിരിച്ചടിയായേക്കാമെന്ന് അശ്വിൻ നിരീക്ഷിച്ചു. ലോകകപ്പിന് തൊട്ടുമുമ്പ് തകർപ്പൻ ഫോമിലായിരുന്ന അഭിഷേക് ശർമ്മ ടൂർണമെന്‍റിൽ തുടർച്ചയായി മൂന്ന് ഡക്കുകൾ വഴങ്ങിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അശ്വിൻ പറഞ്ഞു.
അഭിഷേക് ശർമ്മ റൺസ് കണ്ടെത്താത്തത് അവിശ്വസനീയമാണ്. വൻ ഫോമിലെത്തിയ ഒരു താരം ഇങ്ങനെയാകുന്നത് വിചിത്രമായി തോന്നുന്നു. പല ചോദ്യങ്ങളും ഉയരുന്നുണ്ടെങ്കിലും നായകൻ സൂര്യകുമാർ യാദവ് ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ കുറച്ച് സമയം ക്രീസിൽ ചെലവഴിച്ച് ഫോമിലേക്ക് തിരിച്ചെത്താൻ അഭിഷേക് ശ്രമിക്കണം- അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നിർണ്ണായകമാകുമെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ഈ ലോകകപ്പിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്താണ് ഇന്ത്യ ജയിച്ചത്. കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു വലിയ സ്കോർ പിന്തുടരേണ്ടി വന്നാൽ അത് ഇന്ത്യക്ക് വലിയ പരീക്ഷണമായിരിക്കും. രണ്ടാം ഇന്നിംഗ്സിൽ മഞ്ഞുവീഴ്ച വില്ലനാവാനുള്ള സാധ്യത കുറവാണെന്നതും ചേസിംഗ് കൂടുതൽ കടുപ്പമാക്കും. അഹമ്മദാബാദിൽ മുൻപ് നടന്ന മത്സരങ്ങളിൽ ചേസ് ചെയ്ത് ജയിച്ച ചരിത്രം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്.
കണക്കുകൾ പ്രകാരം ഇന്ത്യ തന്നെയാണ് മത്സരത്തിൽ മുന്നിലെന്നും എന്നാൽ ദക്ഷിണാഫ്രിക്കയുടെ പ്രഹരശേഷിയെ നിസ്സാരമായി കാണരുതെന്നും അശ്വിൻ ഓർമ്മിപ്പിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഏറ്റുമുട്ടിയ 7 മത്സരങ്ങളിൽ 5 എണ്ണത്തിലും ഇന്ത്യയാണ് ജയിച്ചത്. ഇന്ത്യ തന്നെയാണ് ഫേവറിറ്റുകൾ. എങ്കിലും ദക്ഷിണാഫ്രിക്കൻ നിരയിലെ വെടിക്കെട്ട് ബാസ്‌റ്റർമാരെ ഓർക്കുമ്പോൾ ചെറിയൊരു പേടി സ്വാഭാവികമാണ്. അവരുടെ ദിവസം ഏത് ടീമിനെയും തകർക്കാൻ അവർക്ക് സാധിക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
