വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകയെ നേരിടുന്ന കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇന്നും സഞ്ജു സാംസണില്ല.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ മുംബൈക്കായി തകര്‍പ്പന്‍ സെഞ്ചുറി നേടിയ മുന്‍ ഇന്ത്യൻ താരം രോഹിത് ശര്‍മക്ക് ഉത്തരാഖണ്ഡിനെതരായ രണ്ടാം മത്സരത്തില്‍ നിരാശ. ഉത്തരാഖണ്ഡിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈക്കായി ഓപ്പണറായി ഇറങ്ങിയ രോഹിത് ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ദേവേന്ദ്ര സിംഗ് ബോറ എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ ജഗ്മോഹന്‍ നാഗര്‍ഗോട്ടിക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ രോഹിത് 94 പന്തില്‍ 155 റണ്‍സെടുത്ത് തിളങ്ങിയിരുന്നു.
സഞ്ജു ഇന്നും ഇറങ്ങില്ല
വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ കര്‍ണാടകയെ നേരിടുന്ന കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഇന്നും സഞ്ജു സാംസണില്ല. ത്രിപുരക്കെതിരായ ആദ്യ മത്സരത്തിലും സഞ്ജു സാംസണ്‍ കളിച്ചിരുന്നില്ല. കേരളത്തിനെതിരെ ടോസ് നേടിയ കര്‍ണാടക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കര്‍ണാടകക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. 5 റണ്‍സോടെ രോഹന്‍ കുന്നുമ്മലും 10 റണ്‍സുമായി ബാബാ അപരാജിതും ക്രീസില്‍. 7 റണ്‍സെടുത്ത അഭിഷേക് നായരും റണ്ണൊന്നുമെടുക്കാതെ നേരിട്ട ആദ്യ പന്തില്‍ അഹമ്മദ് ഇമ്രാനും പുറത്തായി. അഭിലാഷ് ഷെട്ടിയാണ് കര്‍ണാടക്കായി രണ്ട് വിക്കറ്റും നേടിയത്. . ഇന്ത്യൻ താരങ്ങളായ കെ എല്‍ രാഹുലും പ്രസിദ്ധ് കൃഷ്ണയും കര്‍ണാടകയുടെ പ്ലേയിംഗ് ഇലവനിലും ഇടം നേടിയിട്ടില്ല.ആദ്യ മത്സരത്തില്‍ കേരളം ത്രിപുരക്കെതിരെ വമ്പന്‍ ജയം നേടിയിരുന്നു.
കോലി ക്രീസില്‍
വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഗുജറാത്തിനെ നേരിടുന്ന ഡല്‍ഹി ടോസ് നഷ്ടമായി ബാറ്റ് ചെയ്യുകയാണ്. തുടക്കത്തിലെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായതോടെ മൂന്നാം നമ്പറില്‍ വിരാട് കോലി ക്രീസിലെത്തി. ആദ്യ മത്സരത്തില്‍ ആന്ധ്രക്കെതിരെ കോലി സെഞ്ചുറി നേടി തിളങ്ങിയിരുന്നു.


