ശിവം ദുബെ പുറത്താകുന്നതിന് തൊട്ടുമുമ്പ് ഗാലറിയിൽ ഒരു ഹൈദരാബാദ് ആരാധകൻ നടത്തിയ വിചിത്രമായ പ്രവൃത്തിയാണ് ഇപ്പോൾ ആരാധകരെ അമ്പപ്പിച്ചിരിക്കുന്നത്.

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ ചെന്നൈ 10 റണ്‍സിന് തോറ്റപ്പോള്‍ നിര്‍ണായകമായത് ശിവം ദുബെയുടെ വിക്കറ്റായിരുന്നു. അവസാന നാലോവറില്‍ 36 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ചെന്നൈക്ക് സാകിബ് ഹുസൈൻ എറിഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്തിലാണ് ദുബെയുടെ വിക്കറ്റ് നഷ്ടമായത്. സാക്കിബ് ഹുസൈൻ ദുബെയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഈ വിക്കറ്റായിരുന്നു ഹൈദരാബാദിന്‍റെ വിജയം ഉറപ്പിച്ചത്.

എന്നാല്‍ ശിവം ദുബെ പുറത്താകുന്നതിന് തൊട്ടുമുമ്പ് ഗാലറിയിൽ ഒരു ഹൈദരാബാദ് ആരാധകൻ നടത്തിയ വിചിത്രമായ പ്രവൃത്തിയാണ് ഇപ്പോൾ ആരാധകരെ അമ്പപ്പിച്ചിരിക്കുന്നത്. 17-ാം ഓവർ എറിയാൻ സാക്കിബ് ഹുസൈൻ തയ്യാറെടുക്കുമ്പോഴാണ് ക്യാമറക്കണ്ണുകൾ ഗാലറിയിലെ ആ ദൃശ്യം ഒപ്പിയെടുത്തത്. ഒരു ഹൈദരാബാദ് ആരാധകൻ കൈയ്യിലൊരു ചെറുനാരങ്ങയും പിടിച്ച് വിചിത്രമായ ആംഗ്യങ്ങൾ കാണിക്കുകയും എന്തോ മന്ത്രിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. തൊട്ടടുത്ത പന്തിൽ സാക്കിബ് ഹുസൈന്‍റെ ദുബെയുടെ കുറ്റി തെറിച്ചു. ഷോര്‍ട്ട് ബോള്‍ പ്രതീക്ഷിച്ച് നിന്ന ദുബെയെ ഞെട്ടിച്ച് ഫുള്‍ ലെങ്ത് ബോളെറിഞ്ഞാണ് സാക്കിബ് ഹുസൈന്‍ വിക്കറ്റെടുത്തത്.

വിക്കറ്റ് വീണതിന് പിന്നാലെ ആരാധകൻ തന്‍റെ കൂടോത്രം ഫലിച്ചതില്‍ തുള്ളിച്ചാടുന്നതാണ് വീഡിയോയിലുള്ളത്. ദുബെ വീണത് സാക്കിബിന്‍റെ ബൗളിംഗ് മികവിലല്ല, മറിച്ച് ഈ 'നാരങ്ങ കൂടോത്ര'ത്തിലാണെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ഈ സംഭവത്തിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് മാനേജ്‌മെന്റിന്റേതെന്ന പേരിൽ ബിസിസിഐയ്ക്ക് അയച്ച ഒരു കത്തും സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്ന തരത്തിൽ ഗാലറിയിൽ മന്ത്രവാദവും കൂടോത്രവും നടക്കുന്നുണ്ട് എന്നാണ് വൈറലായ കത്തിലെ ആരോപണം. എന്നാൽ, ഈ കത്ത് വ്യാജമാണെന്നും ആരോ തമാശയ്ക്ക് ഉണ്ടാക്കിയതാണെന്നുമാണ് സൂചന.

Scroll to load tweet…

എന്തായാലും സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ചിരിയുടെ പൂരമാണ് ഉയർത്തിയിരിക്കുന്നത്. ഒരു ആരാധകന്‍ കമന്‍റായി കുറിച്ചത് അടുത്ത ലേലത്തിൽ ചെന്നൈ ടീം ഒരു ഓൾറൗണ്ടറെ ടീമിലെടുത്താൽ പോരാ, ഒരു ഫുൾടൈം പൂജാരിയെ കൂടി വാങ്ങേണ്ടി വരുമെന്നായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക