ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ മുന്‍ താരം വീരേന്ദര്‍ സെവാഗ് രൂക്ഷമായി വിമര്‍ശിച്ചു.

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെട്ടതിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 206 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ വിജയം കണ്ടിരുന്നു. മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ ബൗളര്‍മാരെ ഉപയോഗിച്ച രീതിയില്‍ ഗില്ലിന് തെറ്റുപറ്റിയെന്നാണ് സെവാഗിന്റെ പക്ഷം.

അവസാന മൂന്ന് ഓവറുകളില്‍ 22-25 റണ്‍സ് വേണ്ടിയിരുന്ന സമയത്ത് മുഹമ്മദ് സിറാജിനെപ്പോലൊരു ബൗളറെ കൊണ്ടുവന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ കളി അവസാന ഓവര്‍ വരെ നീണ്ടുനില്‍ക്കുമായിരുന്നു എന്ന് സെവാഗ് പറഞ്ഞു. ''കളി അവസാന ഓവര്‍ വരെ പോലും എത്തിയില്ല. ക്യാപ്റ്റന്റെ കണക്കുകൂട്ടലുകള്‍ പാളിപ്പോയി. പ്രസിദ്ധ് കൃഷ്ണയ്ക്കും റാഷിദ് ഖാനും റണ്‍സ് വഴങ്ങേണ്ടി വന്നേക്കാം, പക്ഷേ അവരെ തിരികെ ആക്രമണത്തിലേക്ക് കൊണ്ടുവരിക എന്നത് ക്യാപ്റ്റന്റെ കടമയാണ്.'' സെവാഗ് പറഞ്ഞു.

കൂടാതെ, ആദ്യ സ്‌പെല്ലില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ സിറാജിന്റെ ഓവറുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന് പകരം മാനവ് സുതറിനെ പന്തേല്‍പ്പിച്ചത് തിരിച്ചടിയായെന്നും സെവാഗ് ചൂണ്ടിക്കാട്ടി. ആ ഓവറില്‍ 15 റണ്‍സാണ് ആര്‍സിബി അടിച്ചെടുത്തത്. ഇന്ത്യന്‍ ദേശീയ ടീമിനെയും നയിക്കുന്ന ശുഭ്മാന്‍ ഗില്ലിന് സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറുകളില്‍ 73 റണ്‍സാണ് ഗുജറാത്ത് ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. ഇത് ആ മത്സരത്തില്‍ 99 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിക്ക് കാരണമായി.

സെവാഗ് തുടര്‍ന്നു... ''രണ്ട് ഓവറില്‍ 31 റണ്‍സ് വഴങ്ങിയതുകൊണ്ട് മാത്രം ഒരു ബൗളറെ പിന്നീട് ഉപയോഗിക്കാതിരിക്കുന്നത് ധൈര്യമില്ലായ്മയാണ്. അത് തോല്‍വി സമ്മതിക്കുന്നതിന് തുല്യമാണ്.'' സെവാഗ് കൂട്ടിച്ചേര്‍ത്തു. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്ന ബൗളര്‍മാര്‍ ഉണ്ടായിട്ടും അവരെ കൃത്യമായി വിന്യസിക്കാന്‍ കഴിയാത്തത് ഗുജറാത്തിന് ഈ സീസണില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

YouTube video player