ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ, കളിക്കളത്തിന് പുറത്തിരുന്നിട്ടും രോഹിത് ശര്‍മ ഉപനായകൻ സൂര്യകുമാർ യാദവിന് തന്ത്രങ്ങൾ നൽകി. 

അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സില്‍ ഇപ്പോള്‍ നായകനോ ഉപനായകനോ അല്ലെങ്കിലും, ടീമിന് ഇപ്പോഴും ആശ്രയിക്കാവുന്നവന്‍ തന്നെയെന്ന് തെളിയിച്ച് രോഹിത് ശര്‍മ. ഐപിഎല്‍ 2026ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് പ്ലെയിങ് ഇലവനിലോ ഇംപാക്ട് പ്ലെയര്‍ പട്ടികയിലോ രോഹിത് ഉണ്ടായിരുന്നില്ല. എന്നാല്‍, കളിക്കളത്തിന് പുറത്തിരുന്നിട്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.

മത്സരത്തിനിടയിലെ ഇടവേളയില്‍ രോഹിത് ശര്‍മ്മ ഗ്രൗണ്ടിലെത്തി ഉപനായകന്‍ സൂര്യകുമാര്‍ യാദവിനും ഹാര്‍ദിക് പാണ്ഡ്യക്കും തന്ത്രങ്ങള്‍ ഉപദേശിച്ചു നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ടീമിനോടുള്ള രോഹിത്തിന്റെ ഈ അര്‍പ്പണബോധത്തെ ആരാധകര്‍ പ്രശംസ കൊണ്ട് മൂടുകയാണ്. താന്‍ കളിക്കുന്നില്ലെങ്കിലും ഒരു മുതിര്‍ന്ന താരം എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം വിസ്മരിച്ചില്ല എന്നതിന്റെ തെളിവായിരുന്നു ആ കാഴ്ച. വീഡിയോ കാണാം...

Scroll to load tweet…

തിലക് വര്‍മ്മയുടെ ഇന്നിംഗ്സ്

മത്സരത്തില്‍ തിലക് വര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്. 22 പന്തില്‍ 19 റണ്‍സുമായി പതറി നില്‍ക്കുകയായിരുന്ന തിലകിനോട് സ്ട്രാറ്റജിക് ടൈം ഔട്ടില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ കടുത്ത സംഭാഷണമാണ് കളിയുടെ ഗതി മാറ്റിയത്. അതിനുശേഷം നേരിട്ട 23 പന്തില്‍ നിന്ന് 82 റണ്‍സ് അടിച്ചുകൂട്ടിയ തിലക്, 45 പന്തില്‍ പുറത്താകാതെ 101 റണ്‍സ് തികച്ചു. എട്ട് ഫോറുകളും ഏഴ് സിക്‌സറുകളും അടങ്ങിയതായിരുന്നു ആ ഇന്നിംഗ്സ്.

ബുംറയുടെ തിരിച്ചുവരവ്

മുംബൈ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് ആദ്യ പന്തില്‍ തന്നെ പ്രഹരമേറ്റു. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ വിക്കറ്റൊന്നും നേടാനാകാതിരുന്ന ജസ്പ്രീത് ബുംറ, സായ് സുദര്‍ശനെ പുറത്താക്കി തന്റെ ഫോം വീണ്ടെടുത്തു. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് 15.5 ഓവറില്‍ വെറും 100 റണ്‍സിന് പുറത്തായി. 99 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് സീസണിലെ തങ്ങളുടെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.

YouTube video player