ഞങ്ങൾ പാകിസ്ഥാനെ നേരിടാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. കളി നടക്കുമെന്ന വാർത്ത വന്നപ്പോൾ തന്നെ ടീം അംഗങ്ങളെല്ലാം വലിയ സന്തോഷത്തിലാണ്
ദില്ലി: ടി20 ലോകകപ്പില്‍ 15-ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിനായി ഇന്ത്യൻ ടീം പൂർണ്ണ സജ്ജമാണെന്ന് യുവതാരം തിലക് വർമ്മ. പാകിസ്ഥാനെതിരായ മത്സരത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ നീങ്ങിയതോടെ ടീം ഏറെ ആവേശത്തിലാണെന്നും ഏത് വെല്ലുവിളിയും നേരിടാൻ തങ്ങൾ തയ്യാറാണെന്നും തിലക് നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഞങ്ങൾ പാകിസ്ഥാനെ നേരിടാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. കളി നടക്കുമെന്ന വാർത്ത വന്നപ്പോൾ തന്നെ ടീം അംഗങ്ങളെല്ലാം വലിയ സന്തോഷത്തിലാണ്. ഞങ്ങൾ ഇതിനകം തന്നെ ആ പോരാട്ടത്തിനായി തയ്യാറെടുത്ത് കഴിഞ്ഞു- തിലക് വർമ്മ പറഞ്ഞു.
അഭിഷേക് ശർമ്മയുടെയും ജസ്പ്രീത് ബുമ്രയുടെയും ആരോഗ്യനിലയെക്കുറിച്ചും തിലക് അപ്ഡേറ്റ് നൽകി. വയറിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിഷേക് ശർമ്മയെ ഇന്ന് ഡിസ്ചാർജ് ചെയ്തു. എങ്കിലും നമീബിയക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ നാളെ മാത്രമേ അന്തിമ തീരുമാനമെടുക്കൂ.
പനി ബാധിച്ചിരുന്ന ജസ്പ്രീത് ബുമ്ര സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹത്തിന് ഒരു ദിവസത്തെ കൂടി വിശ്രമം നൽകി നമീബിയക്കെതിരെ കളിപ്പിക്കണോ അതോ വിശ്രമം അനുവദിക്കണോ എന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കും. പാകിസ്ഥാനെതിരായ വലിയ മത്സരത്തിന് മുൻപ് താരങ്ങളുടെ ഫിറ്റ്നസ് ഇന്ത്യയ്ക്ക് അതീവ പ്രധാനമാണ്.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം നമീബിയയെക്കാൾ കരുത്തരാണെങ്കിലും ടി20 ഫോർമാറ്റിൽ ആരെയും നിസ്സാരക്കാരായി കാണാൻ കഴിയില്ലെന്ന് തിലക് ഓർമ്മിപ്പിച്ചു. ടി20 എന്നത് ചെറിയ ഫോർമാറ്റാണ്, ഇവിടെ എന്ത് വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് തന്നെ ഒരു ടീമിനെയും ഞങ്ങൾ കുറച്ചു കാണില്ല. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നമീബിയക്കെതിരെ പുറത്തെടുക്കും. പരിക്കിൽ നിന്ന് മോചിതനായി ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും ടീമിനായി ഏത് റോളിലും സംഭാവന നൽകാൻ താൻ തയ്യാറാണെന്നും തിലക് വർമ്മ കൂട്ടിചേർത്തു.
