ഗ്രൗണ്ടില്‍ നിന്ന് നിശ്ചിത സമയം വിട്ടു നിന്നതിനാല്‍ അത്രയും സമയം കഴിഞ്ഞു മാത്രമെ ഖവാജക്ക് ബാറ്റിംഗിന് ഇറങ്ങാനാവുമായിരുന്നുള്ളു.

പെര്‍ത്ത്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഉസ്മാന്‍ ഖവാജ ഓസീസിനായി ഓപ്പണറായി ഇറങ്ങാതിരുന്നതിന് കാരണമായത് മത്സരത്തിനിടെ എടുത്ത ടോയ്‌ലെറ്റ് ബ്രേക്ക്. ഇംഗ്ലണ്ട് ബാറ്റിംഗിനിടെയാണ് ഖവാജ ടോയ്‌ലെറ്റ് ബ്രേക്ക് എടുത്ത് ഗ്രൗണ്ട് വിട്ടത്. പിന്നീട് കുറച്ചു സമയം കൂടി ഡ്രസ്സിംഗ് റൂമിൽ ചെലവഴിച്ച ഖവാജയോട് ഇംഗ്ലണ്ടിന്‍റെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായതോടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഗ്രൗണ്ടിലിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് രണ്ടോവര്‍ കൂടി കഴിഞ്ഞാണ് ഖവാജ ഗ്രൗണ്ടിലിറങ്ങിയത്. ഇതിന് പിന്നാലെ ഇംഗ്ലണ്ട് ഓള്‍ ഔട്ടാവുകയും ചെയ്തു.

ഗ്രൗണ്ടില്‍ നിന്ന് നിശ്ചിത സമയം വിട്ടു നിന്നതിനാല്‍ അത്രയും സമയം കഴിഞ്ഞു മാത്രമെ ഖവാജക്ക് ബാറ്റിംഗിന് ഇറങ്ങാനാവുമായിരുന്നുള്ളു. ഇതോടെ ഓസ്ട്രേലിയക്കായി അരങ്ങേറ്റക്കാരന്‍ ജേക്ക് വെതറാള്‍ഡിനൊപ്പം മൂന്നാം നമ്പറിലിറങ്ങേണ്ട മാര്‍നസ് ലാബുഷെയ്നിന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യേണ്ടിവന്നു. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ തന്നെ വെതറാള്‍ഡിനെ ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ മൂന്നാം നമ്പറില്‍ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ക്രീസിലെത്തിയത്. സ്മിത്തും ലാബുഷെയ്നും ചേര്‍ന്ന് 14 ഓവര്‍ പിടിച്ചു നിന്നു. ചായക്ക് ശേഷം ലാബുഷെയ്നിനെ ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ഡാക്കിയതിന് പിന്നാലെ നാലാമനായാണ് ഖവാജ ക്രീസിലെത്തിയത്. നാലാമനായി ക്രീസിലെത്തിയെങ്കിലും ആറ് പന്ത് നേരിട്ട ഖവാജ ബ്രെയഡ്ന്‍ കാര്‍സിന്‍റെ പന്തില്‍ രണ്ട് റണ്‍സെടുത്ത് ജാമി സ്മിത്തിന് ക്യാച്ച് നല്‍കി പുറത്തായി.

Scroll to load tweet…

ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 172 റണ്‍സില്‍ അവസാനിപ്പിച്ച ഓസ്ട്രേലിയയും ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗളിംഗിന് മുന്നിലാണ് തകര്‍ന്നടിഞ്ഞത്. 52 റണ്‍സെടുത്ത ഹാരി ബ്രൂക്കും 46 റണ്‍സെടുത്ത ഒല്ലി പോപ്പും 33 റണ്‍സെടുത്ത ജാമി സ്മിത്തും മാത്രമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക