കർണാടകയിലെ ഷിരാഹട്ടി മണ്ഡലത്തിലെ എംഎൽഎ ചന്ദ്രു ലമണിയാണ് പിടിയിലായത്. കൈക്കൂലിയുടെ ആദ്യഘട്ടമായ 5 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ലോകായുക്ത എംഎൽഎയെ കയ്യോടെ പിടികൂടിയത്.

ബെംഗളൂരു: ചെറുകിട ജലസേചന പദ്ധതിക്കായി കരാറുകാരനിൽ നിന്ന് എംഎൽഎ ആവശ്യപ്പെട്ടത് 11 ലക്ഷം രൂപ കൈക്കൂലി. ബിജെപി എംഎൽഎയുടെ ആവശ്യത്തിൽ വലഞ്ഞ് നിയമ സഹായം തേടി കരാറുകാരൻ. കർണാടകയിൽ ലോകായുക്തയുടെ പിടിയിലായി ബിജെപി എംഎൽഎ. കർണാടകയിലെ ഷിരാഹട്ടി മണ്ഡലത്തിലെ എംഎൽഎ ചന്ദ്രു ലമണിയാണ് പിടിയിലായത്. കൈക്കൂലിയുടെ ആദ്യഘട്ടമായ 5 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് ലോകായുക്ത എംഎൽഎയെ കയ്യോടെ പിടികൂടിയത്. ഗദഗ് ജില്ലയിലെ ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായി ആയിരുന്നു വിജയ് പൂജാർ എന്ന കരാറുകാരനോട് ബിജെപി എംഎൽഎ 11 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത് സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രുവിന്റെ രണ്ട് പേഴ്‌സണൽ അസിസ്റ്റന്റുമാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

റോഡിന്റെ ഇരുവശത്തും ഒരു സംരക്ഷണഭിത്തി അടക്കമുള്ള നിർമ്മാണത്തിനുള്ള കരാറിനാണ് 11 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടത്. ബിജെപി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽവെച്ചായിരുന്നു പണം കൈമാറ്റം. ലോകായുക്ത അധികൃതർ ആശുപത്രിയിൽ പരിശോധന നടത്തുകയും പണം സ്വീകരിക്കവേ ചന്ദ്രുവിനെ പിടികൂടുകയുമായിരുന്നു. ക്ലാസ് 1 വിഭാഗത്തിൽ ഉൾപ്പെട്ട കരാറുകാരന്റെ പരാതിയിലാണ് ലോകായുക്തയുടെ നടപടി. എംഎൽഎയുടെ പിഎമാരായ മഞ്ജുനാഥ് വാൽമീകി, ഗുരുനായ്ക് എന്നിവരും കസ്റ്റഡിയിലായിട്ടുണ്ട്. കർണാടകയിലെ അഴിമതി വിരുദ്ധ നടപടികളിൽ നിർണായകമാണ് എംഎൽഎയുടെ അറസ്റ്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം