ദിവ്യയും കുടുംബവും സ്വദേശമായ തൃശ്ശൂരിലേക്ക് പോയിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം അറിയുന്നത്.

കോഴിക്കോട്: കോഴിക്കോട് പൂവാട്ടുപറമ്പിൽ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. പത്ത് പവനും മുപ്പതിനായിരം രൂപയും ഡയമണ്ട് കമ്മലുകളുമാണ് മോഷണം പോയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം. പന്തീരങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

പൂവാട്ടുപറമ്പിന് സമീപം പെരുമൺ പുറയിൽ ഇന്ദ്രപ്രസ്ഥം എന്ന വീടിന്റെ രണ്ടാം നിലയിലാണ് ദിവ്യയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി കഴിഞ്ഞ ദിവസം സ്വദേശമായ തൃശ്ശൂരിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് താമസസ്ഥലത്തെ വാതിൽ കുത്തിത്തുറന്നനിലയിൽ കണ്ടത്. പിന്നാലെ നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ച പത്ത് പവനും ഡയമണ്ട് കമ്മലുകളും മുപ്പതിനായിരം രൂപയും മോഷണം പോയതായി മനസിലായി. 

മോഷണം നടന്ന വീടിന്റെ താഴത്തെ നിലയിൽ വീട്ടുടമസ്ഥയായ ഭാമിനി ടീച്ചറും കുടുംബവുമാണ് താമസിക്കുന്നത്. സംഭവ ദിവസും ഇവരും സ്ഥലത്തുണ്ടായിരുന്നില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റ അന്വേഷണം.

ആളില്ലാത്ത വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച; സംഭവം കോഴിക്കോട് പൂവാട്ടുപറമ്പില്‍ | Kozhikode | Theft