ഉത്തർപ്രദേശിലെ കാൺപൂരിൽ 48-കാരനായ അച്ഛൻ 11 വയസ്സുള്ള ഇരട്ടപ്പെൺമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ക്രൂരകൃത്യം നടത്തിയത്. പുലർച്ചെ കൊലപാതകം നടത്തിയ ശേഷം പ്രതി പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ അച്ഛൻ ഇരട്ടപ്പെൺമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെയാണ് ക്രൂരമായ കൊലപാതകം നടന്നത്. 48 വയസ്സുകാരനായ ശശി രഞ്ജൻ മിശ്ര തന്റെ ഫ്ലാറ്റിൽ 11 വയസ്സുള്ള ഇരട്ട പെൺമക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതിപൊലീസിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ചു. മെഡിക്കൽ റപ്പായി ജോലി നോക്കുകയാണ് ഇയാൾ. ബിഹാറിലാണ് ജോലി. ഭാര്യ രേഷ്മ, ഇരട്ട പെൺമക്കളായ റിദ്ധി, സിദ്ധി, ആറ് വയസ്സുള്ള മകൻ എന്നിവരോടൊപ്പമാണ് താമസിച്ചിരുന്നത്.

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് അയാൾ സംശയിച്ചിരുന്നുവെന്നും, മകനോടൊപ്പം ജീവിക്കണമെന്നും പെൺമക്കളെ താൻ പരിപാലിക്കുമെന്നും പലപ്പോഴും ഭാര്യയോട് ആവശ്യപ്പെടാറുണ്ടെന്നും പൊലീസ് പറഞ്ഞു. ശശി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും അവരുടെ വീട്ടിൽ ഒന്നിലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും രേഷ്മ പറഞ്ഞു. ശശി അവരുടെ പെൺമക്കളുടെ മുറികളിൽ കയറാൻ പോലും അനുവദിക്കുന്നില്ലെന്നും അവർ ആരോപിച്ചു. ശനിയാഴ്ച അത്താഴം കഴിച്ച ശേഷം ശശി പെൺകുട്ടികളെ ഉറങ്ങാൻ കൊണ്ടുപോയി. 

പുലർച്ചെ 2:30 ഓടെ അയാൾ പെൺമക്കളിൽ ഒരാളെ വാഷ്‌റൂമിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തി. പിന്നാലെ രണ്ടാമത്തെ മകളെയും കൊലപ്പെടുത്തി. രണ്ട് മണിക്കൂറിന് ശേഷം, അയാൾ പോലീസിന്റെ അടിയന്തര പ്രതികരണ സേവന നമ്പറിൽ വിളിച്ച് വിവരം അറിയിച്ചു. ഫ്ലാറ്റിലെത്തിയ പൊലീസ്, കഴുത്തറുത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന രണ്ട് പെൺകുട്ടികളെയും കണ്ടെത്തി. ഈ സമയം ഇയാൾ അകത്തുണ്ടായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശിയായ രേഷ്മ, കാൺപൂരിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്നതിനിടെയാണ് ശശിയെ കണ്ടുമുട്ടിയത്. 2014 ൽ വിവാഹിതരായി.