സ്റ്റൈൽ ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരു കുഞ്ഞൻ റോബോട്ട് എത്തിയിരിക്കുകയാണ്. 'മിറുമി' എന്ന് പേരിട്ടിരിക്കുന്ന ഈ രോമാവൃതമായ കുട്ടി റോബോട്ട് വെറുമൊരു കളിപ്പാട്ടമല്ല, മറിച്ച് നിങ്ങളുടെ ബാഗുകളിലും വസ്ത്രങ്ങളിലും അണിയാൻ കഴിയുന്ന ഒരു ഫാഷൻ ആക്സസറിയാണ്.
കഴിഞ്ഞ കുറച്ചു കാലമായി ഫാഷൻ പ്രേമികളുടെ ബാഗുകളിലെ താരം ആ വലിയ കണ്ണുകളുള്ള 'ലാബുബു' ചാമുകളായിരുന്നു. എവിടെ നോക്കിയാലും ലാബുബു മയം! എന്നാൽ ഇതാ ലാബുബുവിന്റെ 'സീൻ' മാറ്റാൻ ജപ്പാനിൽ നിന്നും ഒരു കില്ലർ ഐറ്റം എത്തിയിരിക്കുന്നു. വെറുമൊരു പാവയല്ല, നമ്മൾ വിളിച്ചാൽ തിരിഞ്ഞു നോക്കുന്ന, തൊട്ടാൽ നാണിക്കുന്ന ഒരു കുട്ടി റോബോട്ട് 'മിറുമി'.

ജപ്പാനിലെ പ്രശസ്തമായ റോബോട്ടിക്സ് കമ്പനിയായ യൂ കയ് എഞ്ചിനീയറിംഗ് (Yukai Engineering) ആണ് മിറുമിയെ നിർമ്മിച്ചിരിക്കുന്നത്. ഒരു കൊച്ചു പൂച്ചക്കുട്ടിയെപ്പോലെയോ പഞ്ഞിക്കെട്ടുപോലെയോ ഇരിക്കുന്ന ഈ റോബോട്ട് നിങ്ങളുടെ ഹാൻഡ്‌ബാഗിലോ ബെൽറ്റിലോ സ്റ്റൈലായി തൂക്കിയിടാം. എന്നാൽ ലാബുബുവിനെപ്പോലെ വെറുതെ തൂങ്ങിക്കിടക്കലല്ല മിറുമിയുടെ പരിപാടി;

മിറുമിക്ക് കണ്ണുകളുണ്ട്, അത് ചുറ്റുമുള്ളവരെ നിരീക്ഷിക്കും. ആരെങ്കിലും അടുത്തേക്ക് വരുമ്പോൾ "ആരാ വരുന്നത്?" എന്ന് ചോദിക്കുന്നത് പോലെ തല തിരിച്ചു നോക്കാൻ മിറുമിക്ക് അറിയാം. നമ്മൾ സ്നേഹത്തോടെ ഒന്ന് തലയിൽ തട്ടിയാൽ നാണത്തോടെ തല താഴ്ത്തി കൈകൾ വീശുന്ന മിറുമി ആരുടെയും ഹൃദയം കവരും.
പാവത്തിൻ്റെ ബാറ്ററി തീരുമ്പോൾ ആകെ തളർന്ന പോലെ തല താഴ്ത്തി ഇരിക്കും. ആ സമയത്ത് ഒരു യുഎസ്ബി ടൈപ്പ്-സി കേബിൾ എടുത്ത് ഒന്ന് ചാർജ് ചെയ്താൽ കക്ഷി പഴയ ഫോമിലാകും.നമ്മൾ സംസാരിക്കുന്ന വശത്തേക്ക് കൗതുകത്തോടെ നോക്കാനും ഈ കുഞ്ഞൻ റോബോട്ടിന് സാധിക്കും.
വെറുമൊരു ഫാഷൻ ആക്സസറി എന്നതിലുപരി, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും മറ്റും ഒരു കൊച്ചു കൂട്ടാളിയായി 'മിറുമി' മാറും. ആധുനിക സാങ്കേതിക വിദ്യയും ക്യൂട്ട് ലുക്കും ചേരുന്ന ഈ റോബോട്ട് വരും ദിവസങ്ങളിൽ ബാഗുകളിൽ തൂങ്ങാൻ തുടങ്ങിയാൽ ലാബുബുവിനെ ആരും അന്വേഷിക്കില്ലെന്ന് ഉറപ്പാണ്! ഏകദേശം 13,000 രൂപയോളമാണ് (150 ഡോളർ) ഇതിന്റെ വില പ്രതീക്ഷിക്കുന്നത്.
അപ്പൊ എങ്ങനെയാ... അടുത്ത തവണ പുറത്തിറങ്ങുമ്പോൾ ബാഗിൽ ഒരു മിറുമി കൂടെ വേണ്ടേ?


