'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ, നിർമ്മാതാവിന്റെ പരാതിയിൽ അറസ്റ്റിലായതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് ആരോപിച്ചു. Abhilasham director Shamsudheen reacts on his arrest.

നി‍ർമ്മാതാവിന്റെ പരാതിയിൽ തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമെന്ന ആരോപണവുമായി 'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ. സിപിഎം ഉന്നത നേതാവിന്റെ അടുത്ത ബന്ധുവായ പരാതിക്കാരി ചെലുത്തിയ സമ്മർദ്ദം കാരണമാണ് നടപടിക്രമങ്ങൾ പാലിക്കാതെ തന്നെ അറസ്റ്റ് ചെയ്തതെന്ന് ഷംസുദ്ദീൻ പറഞ്ഞു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹിൽപാലസ് എസ് എച്ച് ഒ യെ നേരിട്ട് വിളിച്ച് വരുത്തിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്റ്റിന് പിന്നിലെ അനാവശ്യ തിടുക്കത്തെ രൂക്ഷമായി വിമർശിച്ചു.

"ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് രണ്ട് ദിവസങ്ങളായി നടക്കുന്നത്. എഫ്ഐആർ ഇട്ടതുമുതൽ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് ഞാൻ ഇങ്ങനെയൊരു കേസുള്ള കാര്യം അറിയുന്നത്. രാത്രി പത്ത് മണിയോട് കൂടിയാണ് എന്റെ ഫ്ലാറ്റിന്റെ ഡോറുകൾ രണ്ടും കുത്തിത്തുറന്ന് അകത്ത് കയറിയിട്ടാണ് ഒരു സംഘം പോലീസുകാർ എന്നെ അറസ്റ്റ് ചെയ്യുന്നത്. ഇന്നലെയാണ് ജാമ്യം കിട്ടിയത്. ഒത്തുതീർപ്പിൽ മുന്നേതന്നെ അവസാനിച്ച ഒരു കേസായിരുന്നു ഇത്. പാനഞ്ചോളം ടെക്‌നീഷ്യൻസിന്റെ പ്രതിഫലം ഇനിയും കിട്ടാനുണ്ട്, ആർട്ടിസ്റ്റുകളുടെയും കിട്ടാനുണ്ട്. നിർമ്മാതാക്കളിൽ ഒരാളായ ആൻ സരിഗ അത്യാവശ്യം രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തിൽ നിന്നാണ് . അങ്ങനെയൊരു രാഷ്ട്രീയ ബന്ധം ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം." ഷംസുദ്ധീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സിനിമയുടെ ഹാർഡ് ഡിസക് കൈവശപ്പെടുത്തി, എസ്റ്റിമേറ്റിലധികം പണം ചിലവാക്കി തുടങ്ങിയ പരാതികളിലാണ് അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസുദ്ദീനടക്കം 5 പേർക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തത്. എന്നാൽ ഒന്നാം പ്രതി സംവിധായകൻ ഷംസുദ്ദീനെ നോട്ടീസ് പോലും നൽകാതെയാണ് അനാവശ്യ തിടുക്കം കാട്ടി രാത്രി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി ഷംസുദ്ദീന് ജാമ്യം നൽകി. നിർമ്മാതാവ് ആൻ സരിഗ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ അടുത്ത ബന്ധുവാണ്. എം.എ ബേബി സിനിമ ഷൂട്ട് സെറ്റ് സന്ദർശിച്ചതടക്കമുള്ള ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പൊലീസിൽ ഉണ്ടായ രാഷ്ട്രീയ സമ്മർദ്ദമാണ് നടപടിക്രമങ്ങൾ പാലിക്കാതെയുള്ള അറസ്റ്റിന് പിന്നിലെന്നാണ് സംവിധായകന്റെ ആരോപണം.

അഞ്ച് പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണിനയിലിരിക്കെ ആയിരുന്നു പൊലീസിന്റെ അറസ്റ്റ്.ഇന്നലെ കേസ് പരിഗണിച്ച കോടതി സംവിധായകന്റെ അറസ്റ്റിന് പിന്നിലെ കാരണമെന്ത് നേരിട്ട് വിശദീകരിക്കാൻ ഹിൽപാലസ് എസ് എച്ച് ഒ യോട് ആവശ്യപ്പെട്ടിരുന്നു.ഇന്ന് കോടതിയിൽ എസ് എച്ച് ഒ ഹാജരായി.ഇത്തരം കേസുകളിൽ പ്രതികൾക്ക് അറസ്റ്റിന് മുൻപെ നോട്ടീസ് നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശം എന്ത് കൊണ്ട് പാലിച്ചില്ലെന്ന് കോടതി ചോദിച്ചു.

ആൻസരിഗ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല

ഹിൽപാലസ് സ്റ്റേഷനിൽ തന്നെ ഇതിലും ഗുരുതരമായ നിരവധി കേസുകൾ ഉണ്ടല്ലോ,അതിലൊന്നും ഇല്ലാത്ത അനാവശ്യ ധൃതി എന്ത് കൊണ്ട് ഈ കേസിൽ ഉണ്ടായെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് ചോദിച്ചു.പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന ഇന്നലെ ഉത്തരവിട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ ഉത്തരവ് നാളെ പറയുമെന്ന് വ്യക്തമാക്കി. നിർമ്മാതാവ് ആൻസരിഗ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

YouTube video player