നടിയും നര്‍ത്തകിയുമായ ആര്യ വിവാഹിതയായി.

കഴിഞ്ഞ ദിവസമാണ് നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായത്. നടനും മോഡലും സംരഭകനുമായ ദിലീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ആരാധകർക്കും വലിയൊരു സർപ്രൈസ് ആയിരുന്നു ആര്യ പാർവതിയുടെ വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ചടങ്ങുകളുടെ വീഡിയോകൾ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നുവെങ്കിലും വിവാഹമാണെന്ന സൂചന നൽകിയിരുന്നില്ല.

ആര്യയുടെ പ്രിയപ്പെട്ട കുഞ്ഞനുജത്തി ആദ്യ പാർവതി (പാലു) ആണ് വിവാഹത്തിൽ തിളങ്ങി നിന്ന താരം. ആര്യയുടെ വിവാഹസാരിക്ക് ചേരുന്ന തരത്തിൽ മെറൂൺ നിറത്തിലുള്ള പട്ടുപാവാടയും ബ്ലൗസുമായിരുന്നു പാലുവിന്റെ വേഷം. വിവാഹച്ചടങ്ങുകളിൽ ഉടനീളം ചേച്ചിക്കൊപ്പം കുഞ്ഞുപാലുവും തിളങ്ങി നിൽക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

View post on Instagram

ആര്യയ്ക്ക് 24 വയസുള്ളപ്പോഴാണ് അനുജത്തി ജനിച്ചത്. അമ്മയുടെ 47-ാം വയസ്സിൽ ജനിച്ച അനിയത്തിയെ തന്റെ മകളെപ്പോലെയാണ് കാണുന്നതെന്ന് പല അഭിമുഖങ്ങളിലും ആര്യ പറഞ്ഞിട്ടുമുണ്ട്. ഒറ്റക്കുട്ടിയായി വളര്‍ന്നതിന്റെ സങ്കടം മാറിയത് തന്റെ കുഞ്ഞനുജത്തി പാലു വന്നതോടെയാണെന്നും ആര്യ മുൻപ് പറഞ്ഞിരുന്നു. പുറത്തൊക്കെ പോകുമ്പോൾ താനാണ് പാലുവിന്റെ അമ്മ എന്നു പലരും തെറ്റിദ്ധരിക്കാറുണ്ടെന്നും ആര്യ പറഞ്ഞിരുന്നു. ആര്യയുടെ സോഷ്യൽ മീഡിയ പേജുകളിലെ പ്രധാന ആകർഷണമാണ് പാലു. പാലുവിനെ കാണാത്ത സമയങ്ങളിൽ അവളെ ഒരുപാട് മിസ് ചെയ്യുമെന്നും ഒരു സ്പർശനത്തിന്റെ മൂല്യം പോലും താൻ തിരിച്ചറിഞ്ഞത് അവൾ വന്നതിനു ശേഷമാണെന്നും ആര്യ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

നൃത്തം, മോഡലിംഗ്, അഭിനയം എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച പ്രതിഭയാണ് ആര്യ. 'ആര്യമോഹനം' എന്ന പേരിൽ ഒരു നൃത്തവിദ്യാലയവും താരം നടത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക